അവസാന നാല് ഓവറുകളില്‍ മുംബൈയുടെ താണ്ഡവും തുടരുന്നു, രാജസ്ഥാനെതിരെ നേടിയത് 68 റണ്‍സ്

ഐപിഎലിലെ ഏറ്റവും കരുത്തുറ്റ ബാറ്റിംഗ് നിര ഏതെന്ന ചോദിച്ചാല്‍ ഏവരും ഒരുപോലെ ഉത്തരം പറയുക മുംബൈ ഇന്ത്യന്‍സ് എന്നാവും. ആദ്യ മത്സരത്തില്‍ ചെന്നെയോട് പരാജയം ഏറ്റുവാങ്ങിയ ശേഷം ബാംഗ്ലൂരിനോട് സൂപ്പര്‍ ഓവറില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും മുംബൈയുടെ ബാറ്റിംഗ് നിര പിന്നീട് എല്ലാ മത്സരങ്ങളിലും കരുത്തുറ്റ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്.

ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടാലും കൈറണ്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്മാരും അടങ്ങിയ ബാറ്റിംഗ് നിര അടിച്ച് തകര്‍ക്കുന്നത് പതിവാണ്. കഴിഞ്ഞ നാല് മത്സരങ്ങളിലും മുംബൈയുടെ മധ്യ നിര എതിരാളികളെ തച്ച് തകര്‍ത്ത് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകായയിരുന്നു.

ഇന്നലെ രാജസ്ഥാനെതിരെ 14 ഓവറില്‍ 117/4 എന്ന നിലയിലേക്ക് വീണ ടീം ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 193 റണ്‍സാണ് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ എത്തിയത്. അവസാന നാലോവറുകളില്‍ 68 റണ്‍സാണ് ടീം ഇന്നലെ നേടിയത്. ടീമിന്റെ കഴിഞ്ഞ നാല് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ അവസാന നാലോവര്‍ സ്കോര്‍ കൂടിയാണ് ഇത്.

ആര്‍സിബിയ്ക്കെതിരെ ദുബായിയിലും സണ്‍റൈസേഴ്സിനെതിരെ അബു ദാബിയിലും ടീം അവസാന നാലോവറില്‍ നിന്ന് 89 റണ്‍സ് വീതമാണ് നേടിയത്. അതേ സമയം സണ്‍റൈസേഴ്സിനെതിരെ നേടിയ 61 റണ്‍സാണ് കഴിഞ്ഞ നാല് മത്സരങ്ങളിലെ ഏറ്റവും കുറഞ്ഞ ടീമിന്റെ അവസാന നാലോവര്‍ സ്കോര്‍.