ഇല്ല മുംബൈയ്ക്ക് വിജയമില്ല, ബ്രെവിസിനും സൂര്യകുമാറിനും മുംബൈയെ വിജയത്തിലേക്ക് നയിക്കാനായില്ല

ആവേശകരമായ ഒരു ഐപിഎൽ മത്സരത്തിൽ മുംബൈയ്ക്കെതിരെ 12 റൺസ് വിജയവുമായി പഞ്ചാബ് കിംഗ്സ്. 198/5 എന്ന കൂറ്റന്‍ സ്കോര്‍ തേടിയിറങ്ങിയ മുംബൈയെ ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം മുന്നോട്ട് നയിച്ചുവെങ്കിലും സൂര്യകുമാര്‍ അവസാന ഓവറിന് മുമ്പ് പുറത്തായത് മുംബൈയെ അഞ്ചാം തോൽവിയിലേക്ക് തള്ളിയിട്ടു.

രോഹിത് ശര്‍മ്മ മികച്ച രീതിയിൽ തുടങ്ങിയപ്പോള്‍ മുംബൈ 31 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. എന്നാൽ 28 റൺസ് നേടിയ താരം പുറത്തായി അടുത്ത ഓവറിൽ ഇഷാന്‍ കിഷനെയും മുംബൈയ്ക്ക് നഷ്ടമായി.

32/2 എന്ന നിലയിലേക്ക് വീണ മുംബൈയുടെ കൗണ്ടര്‍ അറ്റാക്കിംഗ് ആണ് പിന്നീട് മത്സരത്തിൽ കണ്ടത്. ഡെവാള്‍ഡ് ബ്രെവിസും തിലക് വര്‍മ്മയും പഞ്ചാബ് ബൗളര്‍മാരെ കടന്നാക്രമിച്ചപ്പോള്‍ രാഹുല്‍ ചഹാറിന്റെ ഒരോവറിൽ നാല് സിക്സും ഒരു ബൗണ്ടറിയും അടക്കം 29 റൺസാണ് ബ്രെവിസ് നേടിയത്.

84 റൺസ് മൂന്നാം വിക്കറ്റിൽ നേടിയ ശേഷം ഒഡിയന്‍ സ്മിത്ത് ആണ് 25 പന്തിൽ 49 റൺസ് നേടിയ ബ്രെവിസിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തത്. അധികം വൈകാതെ റണ്ണൗട്ട് രൂപത്തിൽ തിലക് വര്‍മ്മയും(36) പുറത്തായി.

Dewaldbrevis

പൊള്ളാര്‍ഡും(10) റണ്ണൗട്ട് ആയതോടെ മുംബൈയെ വിജയതീരത്തേക്ക് എത്തിക്കുക എന്ന ചുമതല സൂര്യകുമാര്‍ യാദവിന്റെ ചുമലിലായി. 24 പന്തിൽ 49 റൺസ് വേണ്ട ഘട്ടത്തിൽ പൊള്ളാര്‍ഡിനെ ഓവറിലെ ആദ്യ പന്തിൽ നഷ്ടമായെങ്കിലും വൈഭവ് അറോറയെ രണ്ട് സിക്സുകള്‍ക്ക് പറത്തി സൂര്യകുമാര്‍ ലക്ഷ്യം 3 ഓവറിൽ 33 ആയി കുറച്ചു.

അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ 18ാം ഓവറിൽ മുംബൈയ്ക്ക് 5 റൺസ് മാത്രം നേടാനായപ്പോള്‍ ലക്ഷ്യം 12 പന്തിൽ 28 ആയി മാറി. റബാഡയെറിഞ്ഞ 19ാം ഓവറിലെ ആദ്യ പന്തിൽ ബൗണ്ടറിയും രണ്ടാം പന്തിൽ ഡബിളും നേടിയ സൂര്യകുമാര്‍ എന്നാൽ നാലാം പന്തിൽ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി.

30 പന്തിൽ 43 റൺസായിരുന്നു സൂര്യകുമാര്‍ നേടിയത്. ഇതോടെ അവസാന ഓവറിൽ മുംബൈയുടെ ലക്ഷ്യം 22 റൺസായി മാറി. ജയ്ദേവ് ഉനഡ്കട് ആദ്യ പന്തിൽ സിക്സര്‍ നേടിയപ്പോള്‍ രണ്ടാം പന്തിൽ ഡബിള്‍ നേടി താരം മുംബൈ പ്രതീക്ഷ സജീവമാക്കി നിര്‍ത്തി. എന്നാൽ മൂന്നാം പന്തിൽ താരം ഔട്ട് ആയതോടെ ലക്ഷ്യം മൂന്ന് പന്തിൽ 14 ആയി മാറി. അതേ ഓവറിൽ ബുംറയെയും പുറത്താക്കിയതോടെ 2 പന്തിൽ വിജയ ലക്ഷ്യം 13 റൺസായി മാറി.

ഇന്നിംഗ്സിലെ അവസാന പന്തിൽ തൈമൽ മിൽസിനെയും പുറത്താക്കിയതോടെ മുംബൈയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിലെ മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ ഒഡിയന്‍ സ്മിത്ത് 4 വിക്കറ്റാണ് മത്സരത്തിൽ നേടിയത്.

Exit mobile version