ഹാര്‍ദ്ദിക്കിന്റെ ഓള്‍റൗണ്ട് പ്രകടനത്തെ പുകഴ്ത്തി മഹേല

ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎലില്‍ 373 റണ്‍സും 14 വിക്കറ്റുമാണ് ഇതുവരെ ഈ സീസണില്‍ നേടിയിട്ടുള്ളത്. 91 റണ്‍സ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാകുമ്പോള്‍ 20 റണ്‍സിനു മൂന്ന് വിക്കറ്റ് നേടിയതാണ് താരത്തിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. മുംബൈയുടെ ടോപ് ഓര്‍ഡര്‍ പലപ്പോഴും ശോഭിക്കാതെ പോകുമ്പോള്‍ താരവും സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയും കീറണ്‍ പൊള്ളാര്‍ഡുമെല്ലാമാണ് പലപ്പോഴും രക്ഷയ്ക്ക് എത്തിയിട്ടുള്ളത്.

കൊല്‍ക്കത്തയ്ക്കെതിരെ അവസാന മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കി ഹാര്‍ദ്ദികാണ് ക്രിസ് ലിന്നിന്റെയും ശുഭ്മന്‍ ഗില്ലിന്റെയും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയത്. ഈ പ്രകടനങ്ങള്‍ താരത്തെ വാനോളം പുകഴ്ത്തുവാന്‍ മഹേല ജയവര്‍ദ്ധനേയെ പ്രേരിപ്പിച്ചിരിക്കുകയാണ്. താരം പായിക്കുന്ന ഷോട്ടുകള്‍ നോക്കുമ്പോള്‍ ഹാര്‍ദ്ദിക്കിനെതിരെ പന്തെറിയു ഏറെ പ്രയാസമായി മാറിയിട്ടുണ്ടെന്നും ജയവര്‍ദ്ധനേ പറഞ്ഞു.

മുമ്പ് പലപ്പോഴും സ്പിന്നര്‍മാരെ കടന്നാക്രമിച്ചിരുന്ന താരം ഇത്തവണ പേസ് ബൗളര്‍മാരെയും അടിച്ച് പറത്തുകയാണ് ചെയ്തിട്ടുള്ളത്. ആറ്, ഏഴ് നമ്പറുകളില്‍ ബാറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമില്ല, കാരണം ക്രീസിലെത്തിയ ഉടനെ വമ്പനടികള്‍ക്ക് ശ്രമിക്കേണ്ടതായുണ്ട്, എന്നാല്‍ താരം മികച്ച രീതിയില്‍ ഈ പൊസിഷനില്‍ ഇഴുകിചേര്‍ന്നുവെന്നും മഹേല വ്യക്തമാക്കി.

Exit mobile version