കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ച് ക്രിസ് ലിന്‍

ക്രിസ് ലിന്നിന്റെ ബാറ്റിംഗ് മികവിനൊപ്പം റോബിന്‍ ഉത്തപ്പയും ദിനേശ് കാര്‍ത്തിക്കും മികവ് പുലര്‍ത്തിയ മത്സരത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ മികച്ച സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 41 പന്തില്‍ 74 റണ്‍സുമായി ലിന്‍ തകര്‍ത്തടിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക്(43), റോബിന്‍ ഉത്തപ്പ(34) എന്നിവരും ബാറ്റിംഗില്‍ മികവ് പുലര്‍ത്തി. 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 191 റണ്‍സാണ് നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. പഞ്ചാബിന്റെ ഫീല്‍ഡിംഗ് പിഴവുകളും കൊല്‍ക്കത്ത ബാറ്റിംഗിനെ സഹായിച്ചു. മിസ് ഫീല്‍ഡിംഗ് ക്യാച് ഡ്രോപുകളുമെല്ലാം ടീമിനെ സാരമായി ബാധിക്കുകയായിരുന്നു.

രണ്ടാം ഓവറില്‍ സുനില്‍ നരൈനെ(1) നഷ്ടമായ ശേഷം ഉത്തപ്പയും ലിന്നും ചേര്‍ന്ന് കൊല്‍ക്കത്തയെ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു. 72 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത് പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിനായിരുന്നു. അശ്വിന്‍ എറിഞ്ഞ 9ാം ഓവറിന്റെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പ കരുണ്‍ നായര്‍ക്ക് ക്യാച് നല്‍കി മടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ നിതീഷ് റാണ(3) റണ്‍ഔട്ട് ആയപ്പോള്‍ 78/1 എന്ന നിലയില്‍ നിന്ന് 85/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീണു.

പിന്നീട് നാലാം വിക്കറ്റില്‍ ലിന്‍-കാര്‍ത്തിക് കൂട്ടുകെട്ടാണ് ടീമിനെ വീണ്ടും ട്രാക്കിലാക്കിയത്. നാലാം വിക്കറ്റില്‍ 33 പന്തില്‍ നിന്ന് 62 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. ആന്‍ഡ്രൂ ടൈയ്ക്കാണ് ലിന്നിന്റെ വിക്കറ്റ് ലഭിച്ചത്. ആന്‍ഡ്രേ റസ്സല്‍(10) പെട്ടെന്ന് പുറത്തായെങ്കിലും ദിനേശ് കാര്‍ത്തിക് തന്റെ മികച്ച ഫോം തുടര്‍ന്ന് 43 റണ്‍സ് നേടി പുറത്തായി. സ്രാനിനാണ് വിക്കറ്റ് ലഭിച്ചത്. ശുഭ്മന്‍ ഗില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ബരീന്ദര്‍ സ്രാന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ രണ്ടും മുജീബ് ഉര്‍ റഹ്മാന്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ പഞ്ചാബിനു വേണ്ടി ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial