Mitchellmarsh2

മാര്‍ഷിനും മാര്‍ക്രത്തിനും ഫിഫ്റ്റി, ഹാര്‍ദ്ദിക്കിന്റെ 5 വിക്കറ്റ് നേട്ടത്തിനിടയിലും 203 റൺസ് നേടി ലക്നൗ

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 203 റൺസ് നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്ന് മിച്ചൽ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗിന് ശേഷം എയ്ഡന്‍ മാര്‍ക്രം തന്റെ അര്‍ദ്ധ ശതകവും ആയുഷ് ബദോനി അതിവേഗത്തിൽ സ്കോറിംഗും നടത്തിയപ്പോള്‍ ലക്നൗ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് നേടിയത്.

മാര്‍ക്രത്തിനെ കാഴ്ചക്കാരനാക്കി മിച്ചൽ മാര്‍ഷ് അടി തുടങ്ങിയപ്പോള്‍ ലക്നൗ ആദ്യ ഓവറുകളിൽ തന്നെ കുതിപ്പ് തുടരുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് നേടിയ ലക്നൗവിനായി 60 റൺസും നേടിയത് മിച്ചൽ മാര്‍ഷ് ആയിരുന്നു.

അപകടകാരിയായി മാറുകയായിരുന്ന മാര്‍ഷിനെ സ്വന്തം ബൗളിംഗിൽ പിടിച്ച് മലയാളി താരം വിഗ്നേഷ് പുത്തൂര്‍ ആണ് മുംബൈയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. ലക്നൗ ഓപ്പണര്‍മാര്‍ 76 റൺസ് ഒന്നാം വിക്കറ്റിൽ നേടിയപ്പോള്‍ ഇതിൽ മിച്ചൽ മാര്‍ഷ് 31 പന്തിൽ 60 റൺസാണ് നേടിയത്.

മാര്‍ഷ് പുറത്തായ ശേഷം 6 പന്തിൽ 12 റൺസ് നേടിയ നിക്കോളസ് പൂരനെയും 2 റൺസ് നേടിയ ഋഷഭ് പന്തിനെയും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ ലക്നൗ 107/3 എന്ന നിലയിലേക്ക് വീണു.

പിന്നീട് മാര്‍ക്രം – ആയുഷ് ബദോനി കൂട്ടുകെട്ടാണ് 51 റൺസ് നാലാം വിക്കറ്റിൽ നേടി ലക്നൗവിനെ മുന്നോട്ട് നയിച്ചത്. 19 പന്തിൽ 30 റൺസ് നേടിയ ബദോനിയെ അശ്വനി കുമാര്‍ ആണ് പുറത്താക്കിയത്.

അര്‍ദ്ധ ശതകം തികച്ച് മാര്‍ക്രത്തെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. 38 പന്തിൽ 53 റൺസായിരുന്നു മാര്‍ക്രം നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ അവസാന ഓവറിൽ ഒരു സിക്സിനും ഫോറിനും പറത്തി ഡേവിഡ് മില്ലര്‍ ലക്നൗവിന്റെ സ്കോര്‍ 200ൽ എത്തിച്ചു. തൊട്ടടുത്ത പന്തിൽ മില്ലറെയും അടുത്ത പന്തിൽ ആകാശ് ദീപിനെയും പുറത്താക്കി ഹാര്‍ദ്ദിക് തന്റെ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി.

മില്ലര്‍ 14 പന്തിൽ നിന്ന് 27 റൺസാണ് നേടിയത്.

Exit mobile version