ലക്നൗവിന്റെ മികച്ച ബൗളിംഗ് പ്രകടനം, പഞ്ചാബിനെതിരെ 20 റൺസ് വിജയം

Sports Correspondent

ഐപിഎലില്‍ 154 റൺസ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് കിംഗ്സിന് 133 റൺസ് മാത്രം നേടാനായപ്പോള്‍ 20 റൺസ് വിജയം നേടി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഒരു ഘട്ടത്തിൽ ജോണി ബൈര്‍സ്റ്റോ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് ലക്നൗവിന് വെല്ലുവിളിയാകുമെന്ന് കരുതിയെങ്കിലും ശക്തമായ ബൗളിംഗ് പ്രകടനത്തിലൂടെ പഞ്ചാബിനെ പിടിച്ചുകെട്ടി ലക്നൗ മത്സരം കൈക്കലാക്കുകയായിരുന്നു.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 35 റൺസാണ് പഞ്ചാബിന് വേണ്ടി നേടിയത്. ഇതിൽ മയാംഗ് 25 റൺസ് നേടി പുറത്തായി. അധികം വൈകാതെ ശിഖര്‍ ധവാനെയും ഭാനുക രാജപക്സയെയും പഞ്ചാബിന് നഷ്ടമായപ്പോള്‍ ടീം 58/3 എന്ന നിലയിലേക്ക് വീണു.

ജോണി ബൈര്‍സ്റ്റോയും ലിയാം ലിവിംഗ്സ്റ്റണും ചേര്‍ന്ന് 30 റൺസ് നാലാം വിക്കറ്റിൽ നേടി പഞ്ചാബിനെ ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന ഘട്ടത്തിൽ നിന്ന് വിക്കറ്റുകള്‍ പൊടുന്നനെ ടീമിന് നഷ്ടമായി. 88/3 എന്ന നിലയിൽ നിന്ന് 103/6 എന്ന നിലയിലേക്ക് ടീം വീഴുകയായിരുന്നു. ആദ്യം ലിയാം ലിവിംഗ്സ്റ്റണിനെയും(18) പിന്നെ ജിതേഷ് ശര്‍മ്മയെയും നഷ്ടമായ പഞ്ചാബിന് വലിയ തിരിച്ചടിയായത് ജോണി ബൈര്‍സ്റ്റോയുടെ വിക്കറ്റായിരുന്നു.

ജോണി ബൈര്‍സ്റ്റോ 32 റൺസ് നേടി പുറത്തായതോടെ പഞ്ചാബിന്റെ ബാറ്റിംഗ് വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. 18 പന്തിൽ 42 റൺസ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ പഞ്ചാബിന് മാറി മറിയുകയായിരുന്നു. കാഗിസോ റബാഡയെയും രാഹുല്‍ ചഹാറിനെയും ഒരേ ഓവറിൽ മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ താരം തന്റെ മത്സരത്തിലെ മൂന്ന് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

അവസാന ഓവറിൽ 31 റൺസ് വിജയത്തിനായി വേണ്ടപ്പോള്‍ അവേശ് ഖാനെ ആദ്യ രണ്ട് പന്തിൽ സിക്സും ഫോറും അടിച്ച് ഋഷി ധവാന്‍ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും പിന്നീട് ഓവറിൽ നിന്ന് ഒരു റൺസും പിറക്കാതിരുന്നപ്പോള്‍ 133 റൺസിൽ പഞ്ചാബ് ഇന്നിംഗ്സ് അവസാനിച്ചു. ഋഷി ധവാന്‍ 21 റൺസുമായി പുറത്താകാതെ നിന്നു.

വെറും 11 റൺസ് മാത്രം വിട്ട് നൽകി രണ്ട് വിക്കറ്റ് നേടിയ ക്രുണാൽ പാണ്ഡ്യയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.