മത്സരത്തില്‍ അനുകൂല ഫലം നേടാനാകാത്തത് വേദനാജനകം – മയാംഗ് അഗര്‍വാള്‍

ഐപിഎല്‍ 2020ലെ രണ്ടാം മത്സരം സൂപ്പര്‍ ഓവറിലാണ് ഫലം നിശ്ചയിക്കപ്പെട്ടത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെ തോല്‍വിയുടെ വക്കില്‍ നിന്ന് ജയത്തിനരികിലേക്ക് എത്തിച്ച് സ്കോറുകള്‍ ഒപ്പമെത്തിച്ചുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്ന കടമ്പ കടക്കുവാന്‍ മയാംഗ് അഗര്‍വാളിന് സാധിച്ചില്ല. സ്കോറുകള്‍ ഒപ്പമെത്തിയ ശേഷം ഇന്നിംഗ്സിലെ അവസാന രണ്ട് പന്തുകളില്‍ മയാംഗും ക്രിസ് ജോര്‍ദ്ദനും പുറത്തായതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ മയാംഗിന്റെ ടീം പരാജയം ഏറ്റുവാങ്ങി.

മത്സരത്തില്‍ നിന്ന് ഒട്ടനവധി പോസിറ്റീവ് കാര്യങ്ങള്‍ ടീമിന് കണ്ടെത്താനാകുമെങ്കിലും അനുകൂല ഫലം നേടാനാകാത്തതില്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം വ്യക്തമാക്കി. ന്യൂ ബോളില്‍ പഞ്ചാബ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ഈ തോല്‍വിയില്‍ ടീം തളരേണ്ടതില്ലെന്നും ഇത് വെറും ആദ്യ മത്സരമാണെന്നും മയാംഗ് അഗര്‍വാള്‍ വ്യക്തമാക്കി.

ആദ്യ മത്സരത്തില്‍ ഇത്രയും വീരോചിതമായ പ്രകടനം പുറത്തെടുക്കാനായത് മികച്ച കാര്യമായാണ് താന്‍ വിലയിരുത്തുന്നതെന്നും മയാംഗ് വ്യക്തമാക്കി.

Exit mobile version