Stubbs

ഡൽഹിയ്ക്ക് തുണയായി അവസാന ഓവറുകളിലെ വമ്പനടികള്‍, രാജസ്ഥാനെതിരെ 188 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാനെതിരെ 188 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഇന്നിംഗ്സിന്റെ അവസാനത്തോടെ ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേൽ എന്നിവരുടെ അതിവേഗ സ്കോറിംഗ് ആണ് ടീമിനെ 188/5 എന്ന നിലയിലേക്ക് എത്തിച്ചത്. അവസാന അഞ്ചോവറിൽ നിന്ന് ഡൽഹി 77 റൺസ് നേടിയപ്പോള്‍ ഇതിൽ 35 റൺസ് പിറന്നത് അവസാന രണ്ടോവറിൽ നിന്നാണ്.

ആദ്യ ഓവറിൽ ജോഫ്രയെ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച് ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക് ഡൽഹിയുടെ ബാറ്റിംഗ് ആരംഭിച്ചപ്പോള്‍ തൊട്ടടുത്ത ഓവറിൽ തുഷാര്‍ ദേശ്പാണ്ടേയ്ക്കെതിരെ 23 റൺസാണ് അഭിഷേക് പോറെൽ നേടിയത്. 4 ബൗണ്ടറിയും ഒരു സിക്സും അടക്കമായിരുന്നു അഭിഷേക് പോറെലിന്റെ മിന്നും ബാറ്റിംഗ് പ്രകടനം.

എന്നാൽ മൂന്നാം ഓവറിൽ ഫ്രേസര്‍ മക്ഗര്‍ക്കിനെ പുറത്താക്കി ആദ്യ ബ്രേക്ക്ത്രൂ രാജസ്ഥാന് നൽകി. കരുൺ നായര്‍ റണ്ണൗട്ട് കൂടിയായപ്പോള്‍ 34/0 എന്ന നിലയിൽ നിന്ന് ഡൽഹി 34/2 എന്ന നിലയിലേക്ക് വീണു.

മൂന്നാം വിക്കറ്റിൽ അഭിഷേക് പോറെലും കെഎൽ രാഹുലും ചേര്‍ന്ന് 63 റൺസ് കൂട്ടിചേര്‍ത്ത് ഡൽഹിയെ മുന്നോട്ട് നയിച്ചുവെങ്കിലും രാഹുലിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 32 പന്തിൽ 38 റൺസാണ് രാഹുല്‍ നേടിയത്.

തൊട്ടടുത്ത ഓവറിൽ അഭിഷേക് പോറെലിനെ വനിന്‍ഡു ഹസരംഗ പുറത്താക്കി. 37 പന്തിൽ 49 റൺസാണ് പോറെൽ നേടിയത്. അവിടെ നിന്ന് ട്രിസ്റ്റന്‍ സ്റ്റബ്സ് – അക്സര്‍ പട്ടേൽ കൂട്ടുകെട്ട് ഡൽഹിയുടെ സ്കോറിംഗിന് വേഗത നൽകുന്നതാണ് കണ്ടത്. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 41 റൺസാണ് നേടിയത്. 14 പന്തിൽ 34 റൺസ് നേടിയ അക്സര്‍ പട്ടേലിനെ മഹീഷ് തീക്ഷണയാണ് പുറത്താക്കിയത്.

സ്റ്റബ്സ് – അശുതോഷ് ശര്‍മ്മ കൂട്ടുകെട്ട്  42 റൺസ് ആറാം വിക്കറ്റിൽ നേടിയപ്പോള്‍ ഡൽഹി 188 എന്ന  സ്കോറിലേക്ക് എത്തി.  സ്റ്റബ്സ് പുറത്താകാതെ 18 പന്തിൽ 34 റൺസ് നേടിയപ്പോള്‍ അശുതോഷ് ശര്‍മ്മ 11 പന്തിൽ 15 റൺസ് നേടി.

Exit mobile version