മലിംഗ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇല്ല, താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു, മലിംഗയെ നിലനിര്‍ത്താത്തിന്റെ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ്

ലസിത് മലിംഗ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കുവാന്‍ താല്പര്യപ്പെടുന്നില്ലെന്ന് ഒരു മാസം മുന്നേ തങ്ങളെ അറിയിച്ചിരുന്നുവെന്ന് അറിയിച്ച് മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ്. 2021 ഐപിഎലിനുള്ള താരങ്ങളില്‍ ശ്രീലങ്കന്‍ ഇതിഹാസ താരത്തെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നില്ല.

ഐപിഎലിന്റെ രണ്ടാം സീസണ്‍ മുതല്‍ മുംബൈയുടെ ഭാഗമായിരുന്ന താരം 2018, 2020 സീസണില്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു. 2018ല്‍ ബൗളിംഗ് മെന്ററായി താരം ഫ്രാഞ്ചൈസിയ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2020ല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ട് നില്‍ക്കുകയായിരുന്നു താരം.

ഐപിഎലില്‍ 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളാണ് താരം നേടിയത്. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ലസിത് മലിംഗ.

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ജമൈക്ക തല്ലാവാസ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, ഖുല്‍ന ടൈഗേഴ്സ്, രംഗ്പൂര്‍ റൈഡേഴ്സ, മെല്‍ബേണ്‍ സ്റ്റാര്‍സ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.