നാല് വിക്കറ്റ് നേടി ആന്‍ഡ്രൂ ടൈ, പൊള്ളാര്‍ഡിനു അര്‍ദ്ധ ശതകം

ആന്‍ഡ്രൂ ടൈയുടെ ആദ്യ സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ മുംബൈയെ കരകയറ്റി കീറണ്‍ പൊള്ളാര്‍ഡിന്റെ അര്‍ദ്ധ ശതകം. ക്രുണാല്‍ പാണ്ഡ്യയുമായി ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 65 നിര്‍ണ്ണായക റണ്‍സാണ് ഏറെ പ്രാധാന്യമുള്ള മത്സരത്തില്‍ മുംബൈയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ടോസ് നേടി പഞ്ചാബ് മുംബൈയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

തുടക്കത്തില്‍ തകര്‍ന്നുവെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യ-കീറണ്‍ പൊള്ളാര്‍ഡ‍് സഖ്യം നേടിയ റണ്ണുകള്‍ മുംബൈയെ 20 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 186 റണ്‍സിലേക്ക് എത്തിച്ചു. നേരത്തെ സൂര്യകുമാര്‍ യാദവ്(27), എവിന്‍ ലൂയിസ്(9), ഇഷാന്‍ കിഷന്‍(20) എന്നിവരെ പുറത്താക്കി ആന്‍ഡ്രൂ ടൈയാണ് മുംബൈ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത്.

രോഹിത് ശര്‍മ്മ അങ്കിത് രാജ്പുതിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ 71/4 എന്ന നിലയിലായി. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ ക്രുണാല്‍ പാണ്ഡ്യ-കീറണ്‍ പൊള്ളാര്‍ഡ് കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

65 റണ്‍സാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 10 ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ 79/4 എന്ന നിലയിലായിരുന്നു. അതിനു ശേഷം ഫ്ലഡ്‍ലൈറ്റുകള്‍ പണിമുടക്കിയ ശേഷം വീണ്ടും മത്സരം പുനരാരംഭിച്ച ശേഷം ഇരുവരും ചേര്‍ന്ന് സ്കോറിംഗിനു വേഗത കൂട്ടുകയായിരുന്നു. 23 പന്തില്‍ 32 റണ്‍സ് നേടിയ പാണ്ഡ്യയെ സ്റ്റോയിനിസ് പുറത്താക്കുകയായിരുന്നു.

കീറണ്‍ പൊള്ളാര്‍ഡ് 50 റണ്‍സ് നേടി. 23 പന്തില്‍ 50 റണ്‍സ് നേടിയ പൊള്ളാര്‍ഡിനെ അശ്വിനാണ് പുറത്താക്കിയത്. ബെന്‍ കട്ടിംഗിനെയും പുറത്താക്കി അശ്വിന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. ഹാര്‍ദ്ദിക് പാണ്ഡ്യയെയും ടൈ തന്നെയാണ് പുറത്താക്കിയത്.

ടൈ തന്റെ നാലോവറില്‍ 16 റണ്‍സിനു നാല് വിക്കറ്റ് നേടിയപ്പോള്‍ അശ്വിനു രണ്ടും സ്റ്റോയിനിസ്, രാജ്പുത് എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial