Rajatpatidar

റൺസ് കണ്ടെത്താന്‍ പ്രയാസപ്പെട്ട് കോഹ്‍ലി, രജത് പടിദാറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 196 റൺസ് നേടി ആര്‍സിബി

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ്. ഇന്ന് മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങി ബെംഗളൂരുവിനായി ഫിൽ സാള്‍ട്ട് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ നൂര്‍ അഹമ്മദ് മൂന്ന് പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ ആര്‍സിബി പ്രതിരോധത്തിലായെങ്കിലും അര്‍ദ്ധ ശതകവുമായി ക്യാപ്റ്റന്‍ രജത് പടിദാര്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഫിൽ സാള്‍ട്ട് മികച്ച രീതിയിൽ തുടങ്ങിയപ്പോള്‍ കോഹ്‍ലി റൺസ് കണ്ടത്തുവാന്‍ പ്രയാസപ്പെടുന്ന കാഴ്ചയാണ് ഏവരും കണ്ടത്. 5ാം ഓവറിൽ നൂര്‍ അഹമ്മദിന്റെ പന്തിൽ എംഎസ് ധോണി സ്റ്റംപ് ചെയ്ത് പുറത്താകുമ്പോള്‍ 16 പന്തിൽ നിന്ന് ഫിൽ സാള്‍ട്ട് 32 റൺസാണ് നേടിയത്. ഒന്നാം വിക്കറ്റിൽ 45 റൺസാണ് സാള്‍ട്ട് – കോഹ്‍ലി കൂട്ടുകെട്ട് നേടിയത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 56/1 എന്ന നിലയിലായിരുന്നു ആര്‍സിബി. 17 പന്തിൽ നിന്ന് രണ്ടാം വിക്കറ്റിൽ 31 റൺസ് ദേവ്ദത്ത് പടിക്കൽ -കോഹ്‍ലി കൂട്ടുകെട്ട് നേടിയപ്പോള്‍ പ്രധാന സ്കോറിംഗ് നടത്തിയത് പടിക്കലായിരുന്നു. 14 പന്തിൽ നിന്ന് 27 റൺസ് നേടിയ താരത്തെ അശ്വിന്‍ ആണ് വീഴ്ത്തിയത്.

കോഹ്‍ലി – പടിദാര്‍ കൂട്ടുകെട്ട് 41 റൺസ് കൂടി നേടിയെങ്കിലും 31 റൺസ് നേടിയ കോഹ്‍ലിയെ നൂര്‍ അഹമ്മദ് പുറത്താക്കി. ഈ റൺസിനായി കോഹ്‍ലി 30 പന്താണ് നേരിട്ടത്.

രജത് പടിദാറിന്റെ മൂന്ന് ക്യാച്ചുകള്‍ ചെന്നൈ ഫീൽഡര്‍മാര്‍ കൈവിടുന്ന കാഴ്ചയ്ക്കും ഏവരും സാക്ഷ്യം വഹിച്ചു. ലിയാം ലിവിംഗ്സ്റ്റണിനെയും നൂര്‍ അഹമ്മദ് പുറത്താക്കിയപ്പോള്‍ ആര്‍സിബി 145/4 എന്ന നിലയിലായി.

രജത് പടിദാര്‍ 32 പന്തിൽ നിന്ന് 51 റൺസ് നേടി പുറത്താകുമ്പോള്‍ ആര്‍സിബി 176/6 എന്ന നിലയിലായിരുന്നു. മതീഷ പതിരാനയ്ക്കായിരുന്നു വിക്കറ്റ്. അതേ ഓവറിൽ ക്രുണാൽ പാണ്ഡ്യയെയും പതിരാന പുറത്താക്കി.

മതീഷ പതിരാന അവസാന ഓവറുകളിൽ വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ 8 പന്തിൽ നിന്ന് 22 റൺസ് നേടി ടിം ഡേവിഡ് നിര്‍ണ്ണായക സംഭാവന ടീമിനായി നടത്തി. സാം കറന്‍ എറിഞ്ഞ അവസാന ഓവറിൽ 19 റൺസാണ് പിറന്നത്.

Exit mobile version