മടങ്ങി വരവില്‍ തിളങ്ങി വിരാട്, ബൗളിംഗ് മികവു പുലര്‍ത്തി മുംബൈ

ബാംഗ്ലൂരിനു വേണ്ടി ആദ്യ മത്സരങ്ങളില്‍ വിട്ടു നിന്ന കോഹ്‍ലി ടീമിലേക്ക് മടങ്ങിയെത്തിയത് മികച്ചൊരു ശതകവുമായാണ്. ടോസ് നേടി മുംബൈ നായകന്‍ രോഹിത് ബാറ്റിംഗിനയയ്ച്ചപ്പോള്‍ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് കോഹ്‍ലിയും ഗെയിലും ചേര്‍ന്ന് നേടിയത്. തന്റെ പതിവു ശൈലിയില്‍ നിന്ന് വിഭിന്നമായി ഗെയില്‍ മെല്ലെ നീങ്ങിയപ്പോള്‍ വിരാട് താനിപ്പോളും ഫോമിലാണെന്ന് ആരാധകര്‍ക്ക് കാഴ്ചവെച്ചു. ഹര്‍ഭജന്‍ സിംഗിന്റെ ബൗളിംഗ് മികവാണ് ആദ്യ ഓവറുകളില്‍ ബാംഗ്ലൂര്‍ കുതിപ്പിനെ തടഞ്ഞത്. ഗെയില്‍ ഹര്‍ഭജന് അര്‍ഹമായ ബഹുമാനമാണ് നല്‍കിയത്. ആദ്യ രണ്ടോവറുകളില്‍ വെറും 8 റണ്‍സ് മാത്രം വഴങ്ങിയ ഭജ്ജി തന്റെ സ്പെല്‍ അവസാനിപ്പിക്കുമ്പോള്‍ വിക്കറ്റൊന്നും നേടിയില്ലെങ്കിലും വെറും 23 റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്.

പത്താം ഓവര്‍ എറിയാന്‍ വന്ന ഹര്‍ദ്ധിക് പാണ്ഡ്യയാണ് മുംബൈയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. ഗെയില്‍ സ്റ്റോം പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ക്ക് നിരാശ നല്‍കി 22 റണ്‍സ് നേടിയാണ് ക്രിസ് ഗെയില്‍ മടങ്ങിയത്. വിരാട് കോഹ്‍ലി തന്റെ 31ാം ഐപിഎല്‍ അര്‍ദ്ധ ശതകം തികച്ച് ഏറെ വൈകാതെ പുറത്തായി. മക്ലെനാഗനാണ് കോഹ്‍ലിയെ(62) പുറത്താക്കിയത്. നേരത്തെ ക്രുണാല്‍ പാണ്ഡ്യയുടെ ഓവറില്‍ ക്യാച് വിട്ടുകളഞ്ഞ ജോസ് ബ്ടലറാണ് വിരാടിനെ കൈപ്പിടിയിലൊതുക്കിയത്. വിരാട് പുറത്തായ ശേഷം ടൂര്‍ണ്ണമെന്റിലെത്തന്നെ മികച്ച ക്യാച്ചെന്ന് വിശേഷിപ്പിക്കാവുന്നൊരു ക്യാച്ചിലൂടെ മുംബൈ നായകന്‍ എബിഡിയെ(19) പുറത്താക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യയ്ക്കാണ് വിക്കറ്റ് ലഭിച്ചത്.

https://twitter.com/imSathish45/status/852856342742282240

20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് മാത്രമേ ബാംഗ്ലൂരിനു നേടാനായുള്ളു. കഴിഞ്ഞ മത്സരത്തിലെയത്ര ബൗളിംഗ് മികവ് പുലര്‍ത്താനായില്ലെങ്കിലും മികച്ചൊരു റണ്‍ഔട്ടിലുടെ കേധാര്‍ ജാഥവിനെ പുറത്താക്കി ബുംറയും മത്സരത്തില്‍ ശ്രദ്ധേയനായി. അവസാന അഞ്ചോവറില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ റോയല്‍ ചലഞ്ചേഴ്സിനു ആയില്ല.

മുംബൈയ്ക്കായി പാണ്ഡ്യ സഹോദരന്മാര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റുമായി മക്ലെനാഗനും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.