Picsart 24 05 05 22 49 19 348

ലഖ്നൗവിന് എതിരെ 98 റൺസ് വിജയം, KKR ലീഗിൽ ഒന്നാം സ്ഥാനത്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) ലഖനൗ സൂപ്പർ ജയന്റ്സിന് എതിരെ വൻ വിജയം നേടി. 98 റൺസിനായിരുന്നു കെ കെ ആറിന്റെ വിജയം. കൊൽക്കത്ത ഉയർത്തിയ 236 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് 137 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. ഇന്നത്തെ വിജയത്തോടെ കൊൽക്കത്ത രാജസ്ഥാൻ റോയൽസിനെ മറികടന്ന് ലീഗിൽ ഒന്നാമത് എത്തി. രാജസ്ഥാൻ കെ കെ ആറിനെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്.

ഇന്ന് വലിയ റൺ ചെയ്സ് ചെയ്ത് ഇറങ്ങിയ ലഖ്നൗവിനായി ആരും വലിയ സ്കോർ കണ്ടെത്തിയില്ല. 36 റൺസ് എടുത്ത സ്റ്റോയിനിസ് ആണ് ലഖ്നൗവിന്റെ ടോപ് സ്കോറർ ആയത്. കൊൽക്കത്തക്ക് ആയി വരുൺ ചക്രവർത്തിയും ഹർഷിതും 3 വിക്കറ്റും റസൽ രണ്ട് വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) കൂറ്റൻ സ്കോർ നേടി. അവർ ഇന്ന് 20 ഓവറിൽ 235/6 റൺസ് ആണ് അടിച്ചത്. ഓപ്പണർ സുനിൽ നരൈന്റെ മികച്ച പ്രകടനമാണ് കൊൽക്കത്തക്ക് കരുത്തായത്. സുനിൽ നരൈൻ എന്ന 39 പന്തിൽ നിന്ന് 81 റൺസ് എടുത്തു.

7 സിക്സും 6 ഫോറും അടങ്ങുന്നത് ആയിരുന്നു സുനിൽ നരൈന്റെ ഇന്നിംഗ്സ്. ഇന്നത്തെ ഇന്നിംഗ്സോടെ ഈ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരമായും സുനിൽ നരൈൻ മാറി. ആകെ 32 സിക്സുകൾ ഈ സീസണിൽ നരൈൻ അടിച്ചിട്ടുണ്ട്.

14 പന്തൽ 32 റൺസ് എടുത്ത ഫിൽ സാൾട്ടും 26 പന്തിൽ 32 റൺസ് എടുത്ത രഘുവംശി എന്നിവരും കൊൽക്കത്തയുടെ സ്കോറിൽ പ്രധാന പങ്കുവഹിച്ചു. റിങ്കു 16, റസൽ 12 എന്നിവർക്ക് കാര്യമായി തിളങ്ങാൻ ആയില്ല. അവസാനം 22 റൺസ് എടുത്ത ശ്രേയസ് അയ്യറും 6 പന്തിൽ നിന്ന് 25 റൺസ് എടുത്ത രമൺദീപും കൊൽക്കത്തയെ 230 കടക്കാൻ സഹായിച്ചു. ആദ്യമായാണ് ഏകാന സ്റ്റേഡിയത്തിൽ ഒരു ഐ പി എൽ ടീം 200നു മുകളിൽ റൺസ് എടുക്കുന്നത്.

Exit mobile version