primus mobile
primus mobile

ലുംഗിസാനി ഗിഡിയുടെ മാന്ത്രിക സ്പെല്ലിനു ശേഷം കരുണ്‍ നായരുടെ മികവില്‍ പഞ്ചാബിനു 153 റണ്‍സ്

ലുംഗിസാനി ഗിഡിയുടെ ബൗളിംഗിനു മുന്നില്‍  നിര്‍ണ്ണായകമായ പ്ലേ ഓഫ് മത്സരത്തില്‍ പഞ്ചാബ് ബാറ്റിംഗ് നിരയക്ക് തകര്‍ച്ച. ടോപ് ഓര്‍ഡറില്‍ ടീമിന്റെ നെടുംതൂണായ കെഎല്‍ രാഹുല്‍ ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് പൊടുന്നനെ നഷ്ടമായ ടീമിനെ 153 റണ്‍സിലേക്ക് എത്തിച്ചത് കരുണ്‍ നായരുടെ 54 റണ്‍സാണ്. 19.4 ഓവറില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓള്‍ഔട്ട് ആവുകയായിരുന്നു.

ടോപ് ഓര്‍ഡര്‍ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ടീമിന്റെ ആശ്വാസമായി മാറിയത്. 60 റണ്‍സാണ് മനോജ് തിവാരി-ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട് നേടിയത്. എന്നാല്‍ രണ്ടോവറുകളുടെ വ്യത്യാസത്തില്‍ ഇരുവരും പുറത്തായപ്പോള്‍ പഞ്ചാബ് 80/5 എന്ന നിലയിലേക്ക് വീണു. ആറാ വിക്കറ്റില്‍ കരുണ്‍ നായരും-അക്സര്‍ പട്ടേലുമാണ് ടീമിന്റെ രണ്ടാമത്തെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

രണ്ടാം ഓവറില്‍ ക്രിസ് ഗെയിലിനെ നഷ്ടമായ കിംഗ്സിനു തൊട്ടടുത്ത ഓവറില്‍ ഫിഞ്ചിനെയും നഷ്ടമായി. സുരേഷ് റെയ്‍ന സ്ലിപ്പില്‍ മികച്ചൊരു ക്യാച്ചാണ് നേടിയത്. ഗെയിലിനെ ഗിഡിയും ഫിഞ്ചിനെ ചഹാറുമാണ് പുറത്താക്കിയത്. നാലാം ഓവറിന്റെ അവസാന പന്തില്‍ തകര്‍പ്പനൊരു പന്തില്‍ കെഎല്‍ രാഹുലിന്റെ സ്റ്റംപ്സ് തെറിപ്പിച്ചു ഗിഡി പഞ്ചാബിനെ 16/3 എന്ന നിലയിലേക്ക് തകര്‍ത്തു.

മനോജ് തിവാരിയും ടീമിലേക്ക് തിരികെയെത്തിയ ഡേവിഡ് മില്ലറും ചേര്‍ന്ന് 60 റണ്‍സ് കൂട്ടുകെട്ടിലൂടെ ടീമിനെ കരയറ്റുമെന്ന് കരുതിയെങ്കിലും 35 റണ്‍സ് നേടിയ മനോജ് തിവാരിയെ ജഡേജ ധോണിയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ ബ്രാവോ ഡേവിഡ് മില്ലറുടെ കുറ്റിതെറിപ്പിച്ചു. ആറാം വിക്കറ്റില്‍ 36 റണ്‍സ് കൂട്ടുകെട്ട് നേടി വീണ്ടും പഞ്ചാബിനെ ട്രാക്കിലാക്കുകയായിരുന്ന അക്സര്‍ പട്ടേല്‍ കരുണ്‍ നായര്‍ കൂട്ടുകെട്ടിനെ മികച്ചൊരു ക്യാച്ചിലൂടെ സാം ബില്ലിംഗ് പുറത്താക്കുകയായിരുന്നു. അക്സറിന്റെ വിക്കറ്റ് നേടിയ ശര്‍ദ്ധുല്‍ താക്കൂറിനെ രണ്ട് ബൗണ്ടറിയും ഒരു സിക്സും പറത്തി കരുണ്‍ നായര്‍ മറുപടി നല്‍കുകയായിരുന്നു.

അടുത്ത ഓവറില്‍ നായകന്‍ അശ്വിനെ മടക്കിയയച്ച് ഗിഡി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. ഓവറില്‍ തന്നെ ആന്‍ഡ്രൂ ടൈയെ പുറത്താക്കി ഗിഡി തന്റെ നാലാം വിക്കറ്റ് നേടി. ബ്രാവോ എറിഞ്ഞ 19ാം ഓവറില്‍ ഒരു ബൗണ്ടറിയും 2 സിക്സും നേടി കരുണ്‍ നായര്‍ തന്റെ ഉഗ്രരൂപം പുറത്തെടുത്തുവെങ്കിലും അടുത്ത പന്തില്‍ ബ്രാവോ കരുണ്‍ നായരെ പുറത്താക്കി.

26 പന്തില്‍ 54 റണ്‍സാണ് കരുണ്‍ നായരുടെ സംഭാവന. 19.4 ഓവറില്‍ പഞ്ചാബ് 153 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial