സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ രോഹിത്തിന്റെ പ്രകടനത്തെ വിശകലനം ചെയ്താണ് വിധി പുറപ്പെടുവിക്കേണ്ടത്: ഡുമിനി

പ്ലേ ഓഫുകളില്‍ കടക്കുവാന്‍ മുംബൈ ഇന്ത്യന്‍സിനു ഇനിയുള്ള മത്സരങ്ങളെല്ലാം ജയിക്കണമെന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ടീം നേടിയ വിജയങ്ങളില്‍ നിര്‍ണ്ണായകമായ പ്രകടനങ്ങളാണ് നായകന്‍ രോഹിത് ശര്‍മ്മ പുറത്തെടുത്തത്. വിജയിച്ച മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ രോഹിത്തിനായിരുന്നു മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചത്. കൊല്‍ക്കത്തയില്‍ കൊല്‍ക്കത്തയെ നേരിടുമ്പോള്‍ രോഹിത് കളിക്കാനിറങ്ങുന്നത് തന്റെ ഇഷ്ട ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണെങ്കിലും തന്റെ ഏറ്റവും മികച്ച ഫോമിലല്ല രോഹിത് എന്നത് ടീമിനെ അലട്ടുന്നുണ്ട്.

മുംബൈ ഇന്ത്യന്‍സിനെതിരെ ഐപിഎല്‍ ചരിത്രത്തില്‍ കൊല്‍ക്കത്തയ്ക്ക് മികച്ച റെക്കോര്‍ഡുകളൊന്നുമില്ല. 10 മത്സരങ്ങളില്‍ നിന്ന് 231 റണ്‍സ് നേടിയ രോഹിത്തിന്റെ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ബാംഗ്ലൂരിനെതിരെ പുറത്താകാതെ നേടിയ 94 റണ്‍സാണ്. രോഹിത്തിന്റെ സ്റ്റാന്‍ഡേര്‍ഡുകള്‍ക്കനുയോജ്യമായ പ്രകടനം താരത്തില്‍ നിന്നു സ്ഥിരമായി വരുന്നില്ലെങ്കിലും താരം സമ്മര്‍ദ്ദ മത്സരങ്ങളില്‍ ഏത് തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തതെന്നത് വിലയിരുത്തിയ ശേഷം മാത്രമാണ് താരത്തെക്കുറിച്ച് മുന്‍വിധി പാടുള്ളുവെന്നാണ് സഹതാരം ജെപി ഡുമിനി പറഞ്ഞത്.

ടീമിനു ആവ്ശ്യമുള്ള സമയങ്ങളില്‍ രോഹിത് മികവ് ഇത്തവണയും പുലര്‍ത്തിയിട്ടുണ്ട്. രോഹിത് നേടിയ രണ്ട് മാന്‍ ഓഫ് ദി മാച്ച് പട്ടങ്ങള്‍ അതിന്റെ സൂചനയാണ്. തുടരെ രണ്ട് വിക്കറ്റുകള്‍ വീണ ശേഷമാണ് രോഹിത്തിന്റെ മികവാര്‍ന്ന് ഇന്നിംഗ്സ് വാങ്കഡേയില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പിറന്നതെന്നും ഡുമിനി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial