ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ജോഷ് ഹാസല്‍വുഡ് ഐപിഎലില്‍ നിന്ന് പിന്മാറി

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ജോഷ് ഹാസല്‍വുഡ് ഐപിഎലില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു. 2020 സീസണില്‍ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി മൂന്ന് മത്സരങ്ങളില്‍ മാത്രം കളിച്ച താരം ഇന്ന് ചെന്നൈയില്‍ ടൂര്‍ണ്ണമെന്റിനായി എത്തുമെന്നാണ് കരുതിയിരുന്നത്.

ഓഗസ്റ്റ് 2020 മുതല്‍ ഈ വര്‍ഷം ജനുവരി വരെ വിവിധ ബയോ ബബിളുകളിലായിരുന്ന താരത്തിന് അനിവാര്യമായ ശാരീരികവും മാനസികവമായ തയ്യാറെടുപ്പിനുള്ള മികച്ച അവസരമാണ് ഈ ഇടവേളയെന്നാണ് താരം പറഞ്ഞത്.

ഓസ്ട്രേലിയയുടെ വരാനിരിക്കുന്ന അന്താരാഷ്ട്ര പരമ്പരകളെ മുന്‍ നിര്‍ത്തി, തനിക്ക് വിശ്രമം ആവശ്യമാണെന്നും അതിനാല്‍ തന്നെ ഐപിഎലില്‍ നിന്ന് പിന്മാറുകയാണെന്നും ജോഷ് ഹാസല്‍വുഡ് അറിയിക്കുകയായിരുന്നു.