Ravindrajadeja

കുതിച്ച രാജസ്ഥാനെ പിടിച്ചുകെട്ടി ജഡേജയും സംഘവും

ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും നൽകിയ മികച്ച തുടക്കത്തിന് ശേഷം രാജസ്ഥാനെ 175 റൺസിന് ഒതുക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 8 ഓവറിൽ 86/1 എന്ന നിലയിൽ നിന്ന് രവീന്ദ്ര ജഡേജ ഒരോവറിൽ ദേവ്ദത്തിനെയും സഞ്ജുവിനെയും പുറത്താക്കിയതിന് ശേഷം രാജസ്ഥാന്റെ താളം തെറ്റുകയായിരുന്നു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസാണ് രാജസ്ഥാന്‍ നേടിയത്. 10 റൺസ് നേടിയ യശസ്വി ജൈസ്വാളിനെയാണ് രാജസ്ഥാന്‍ രണ്ടാം ഓവറിൽ നഷ്ടമായത്.

പിന്നീട് ദേവ്ദത്ത് പടിക്കലും ജോസ് ബട്‍ലറും ചേര്‍ന്ന് 77 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. ഈ കൂട്ടുകെട്ടിൽ കൂടുതൽ റൺസും പവര്‍പ്ലേയിൽ സ്കോര്‍ ചെയ്തത് പടിക്കലാണെങ്കിൽ എട്ടാം ഓവറിൽ മോയിന്‍ അലിയെ രണ്ട് സിക്സറുകള്‍ക്ക് പറത്തി ജോസ് ബട്‍ലറും ഒപ്പമെത്തി.

തൊട്ടടുത്ത ഓവറിൽ ജഡേജ പടിക്കലിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു. 41 പന്തിൽ 77 റൺസ് ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 26 പന്തിൽ നിന്ന് പടിക്കൽ 38 റൺസ് നേടി.  അതേ ഓവറിൽ തന്നെ സഞ്ജുവിനെയും ബൗള്‍ഡാക്കി ജഡേജ രാജസ്ഥാന്റെ ബാക്ക് സീറ്റിലാക്കി. അടുത്ത പന്തിൽ ജഡേജ അശ്വിനെ എഡ്ജ് ചെയ്തെങ്കിലും സ്ലിപ്പിൽ മോയിന്‍ അലി അത് കൈവിടുകയായിരുന്നു.

8 ഓവറിൽ 86/1 എന്ന നിലയിൽ കുതിയ്ക്കുകയായിരുന്ന രാജസ്ഥാന്‍ ജഡേജയുടെ ഈ ഇരട്ട പ്രഹരത്തിന് ശേഷം താളംതെറ്റിയപ്പോള്‍ 11.3 ഓവറിലാണ് ടീം നൂറ് റൺസിലേക്ക് എത്തിയത്.

ഏകദേശം ആറോവറോളം ബൗണ്ടറി പിറക്കാതിരുന്നപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണ് റൺസ് കണ്ടെത്തുവാന്‍ ഏറെ ബുദ്ധിമുട്ടിയത്. 15ാം ഓവര്‍ എറിയാനെത്തിയ യുവ താരം ആകാശിനെ രണ്ട് സിക്സറുകള്‍ പറത്തി അശ്വിന്‍ തന്റെ സ്ട്രൈക്ക് റേറ്റും രാജസ്ഥാന്റെ റൺറേറ്റും ഉയര്‍ത്തി. എന്നാൽ അതേ ഓവറിലെ അവസാന പന്തിൽ അശ്വിനെ ആകാശ് പുറത്താക്കി. 22 പന്തിൽ 30 റൺസാണ് അശ്വിന്‍ നേടിയത്.

ബട്‍ലര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി അധികം വൈകാതെ തന്നെ മോയിന്‍ അലിയ്ക്ക് വിക്കറ്റ് നൽകിയതും രാജസ്ഥാന്റെ സ്കോറിംഗിനെ ബാധിച്ചു. 18 പന്തിൽ 30 റൺസ് നേടിയ ഷിമ്രൺ ഹെറ്റ്മ്യര്‍ ആണ് രാജസ്ഥാനെ 175 റൺസിലേക്ക് എത്തിച്ചത്. ചെന്നൈ ബൗളര്‍മാരിൽ രവീന്ദ്ര ജഡേജ, ആകാശ് സിംഗ്, തുഷാര്‍ ദേശ്പാണ്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

 

Exit mobile version