ഐപിഎല്‍ നിലനില്‍ക്കും എന്നാല്‍ മറ്റ് ലീഗുകളെക്കുറിച്ച് അത് പറയാനാകുമോ എന്നത് ഉറപ്പില്ല – ഡീന്‍ ജോണ്‍സ്

കൊറോണ കഴിഞ്ഞും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിലകൊള്ളുമെങ്കിലും ലോകത്തെ മറ്റ് ടി20 ലീഗുകളെക്കുറിച്ച് അത് പറയാനാകില്ലെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. ഓരോ ലീഗുകള്‍ക്കും വ്യക്തമായ സാമ്പത്തിക പദ്ധതികള്‍ ഇനിയുള്ള മാസങ്ങളില്‍ ഉണ്ടാകുന്നില്ലെങ്കില്‍ ലീഗുകള്‍ തന്നെ നിര്‍ത്തേണ്ട സാഹചര്യം വരുമെന്നാണ് ഡീന്‍ ജോണ്‍സ് വ്യക്തമാക്കിയത്.

ഈ ടി20 ലീഗുകളുടെ എല്ലാ അധികാരികളും ഒരു കോണ്‍ഫ്രന്‍സില്‍ എത്തി താരങ്ങളുടെ വേതനങ്ങളും ഫ്രാഞ്ചൈസികളുടെ വിലയുമെല്ലാം ക്രമീകരിക്കേണ്ടതുണ്ടെന്ന് ഡീന്‍ ജോണ്‍സ് തന്റെ ട്വിറ്ററില്‍ വ്യക്തമാക്കി. കോവിഡ് കഴിഞ്ഞ ശേഷം ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് പഴയ പോലെ പണം നല്‍കുവാന്‍ കഴിയില്ലെന്നും ഇതെല്ലാം മുന്നില്‍ കണ്ട് കൊണ്ടുള്ള പ്രവൃത്തിയാണ് ആവശ്യമെന്നും ഡീന്‍ ജോണ്‍സ് പ്രഖ്യാപിച്ചു.

ഈ സ്ഥിതിയില്ലൊം മാറിക്കഴിഞ്ഞാലും ഐപിഎല്‍ നിലനില്‍ക്കും പിന്നെ ഒന്നോ രണ്ടോ ലീഗുകള്‍ കൂടി പിടിച്ച് നിന്നേക്കാം. ബാക്കി ടി20 ലീഗുകളുടെ അവസ്ഥയെന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് ജോണ്‍സ് പറഞ്ഞു. അതിനാല്‍ തന്നെ താരങ്ങള്‍ തങ്ങളുടെ വേതനം കുറയ്ക്കുന്നതാണ് നല്ലതെന്നും ജോണ്‍സ് വ്യക്തമാക്കി.