ഐ പി എല്ലിൽ പുതിയ ചരിത്രം എഴുതി തല ധോണി

വ്യാഴാഴ്ച ഷാർജയിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ വിക്കറ്റിന് പിറകിൽ നടത്തിയ പ്രകടനം ധോണിയെ ഐ പി എല്ലിൽ ഒരു പുതിയ ചരിത്രം എഴുതാൻ സഹായിച്ചു. എംഎസ് ധോണി ഇന്നലെ 3 ക്യാച്ചുകൾ കയ്യിലാക്കിയിരുന്നു. ലീഗിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പറുടെ പട്ടികയിൽ ഒന്നാമതുള്ള ധോണി ഇന്നലത്തെ ക്യാച്ചുകളോടെ പുതിയ നാഴികകല്ല് പിന്നിട്ടു. ടി 20 ലീഗിൽ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 100 ക്യാച്ചുകൾ എടുക്കുന്ന ആദ്യ കളിക്കാരനായി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഇന്നലെയോടെ മാറി.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയ പട്ടികയിൽ ധോണി ആണ് നേരത്തെ തന്നെ ഒന്നാമത്. അദ്ദേഹം അടുത്തിടെ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കീപ്പർ ദിനേഷ് കാർത്തിക്കിനെ മറികടന്നിരുന്നു. 215 മത്സരങ്ങളിൽ നിന്ന് ധോണിക്ക് 158 ഡിസ്മിസലുകൾ ഉണ്ട്. കാർത്തിക്കിന് 150 ഡിസ്മിസലുകൾ ആണ് ഉള്ളത്.