വിക്കറ്റുകളല്ല, വിജയങ്ങളാണ് ആഘോഷിക്കാറ്

ഐപിഎലിന്റെ 12 വര്‍ഷത്തെ റെക്കോര്‍ഡ് തന്റെ അരങ്ങേറ്റത്തില്‍ തിരുത്തിക്കുറിച്ച മുംബൈ ഇന്ത്യന്‍സ് താരം അല്‍സാരി ജോസഫിന്റെ വാക്കുകളാണിത്, താന്‍ വിക്കറ്റുകളല്ല, വിജയങ്ങളാണ് ആഘോഷിക്കാറെന്ന്. മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ചായ ശേഷം സംസാരിക്കുമ്പോളാണ് താരം തന്റെ മനസ്സ് തുറന്നത്.

അവിശ്വസനീയമായ തുടക്കം, സ്വപ്നതുല്യമെന്ന് പറയാം, ഇതിലും മികച്ചൊരു തുടക്കം തനിക്ക് ലഭിയ്ക്കുമെന്ന് തോന്നുന്നില്ലെന്നും ജോസഫ് പറഞ്ഞു. 136 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് ഇന്നലെ ആദ്യം ബാറ്റ് ചെയ്ത് നേടാനായത്. തടയേണ്ടത് വിസ്ഫോടനമായ തുടക്കം ടൂര്‍ണ്ണമെന്റില്‍ നേടിയിട്ടുള്ള സണ്‍റൈസേഴ്സിനെതിരെയും.

ടീമിനു വേണ്ടി തന്റെ സര്‍വ്വ കഴിവും എടുത്ത് പോരാടുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. തന്റെ ആദ്യ മത്സരത്തില്‍ വിക്കറ്റുകള്‍ നേടുകയെന്നതിനെക്കുറിച്ച് മാത്രമേ ചിന്തിച്ചുള്ളു. സാധാരണ ആഘോഷത്തില്‍ പരം അമിതമായ ഒരു ആഘോഷവും താരത്തില്‍ നിന്നുണ്ടായിരുന്നില്ല. ഡേവിഡ് വാര്‍ണറുടെയുള്‍പ്പടെയുള്ള വിക്കറ്റുകള്‍ നേടിയ ശേഷവും താരം ഹൈ-ഫൈകളില്‍ മാത്രം ഒതുക്കുകയായിരുന്നു തന്റെ ആഘോഷം.

താന്‍ വിക്കറ്റുകള്‍ ആഘോഷിക്കാറില്ല, വിജയങ്ങളാണ് ആഘോഷിക്കാറ്. വിക്കറ്റുകള്‍ മാത്രം നേടുകയല്ല, ടീമിനെ വിജയത്തിലേക്ക് നയിക്കുകയെന്നതാണ് താന്‍ ഉന്നം വയ്ക്കുന്നതെന്നും അല്‍സാരി ജോസഫ് വ്യക്തമാക്കി.

Exit mobile version