ഐപിഎലില്‍ അഞ്ച് ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കുന്നു, അവരെല്ലാം മികച്ച രീതിയിൽ കളിക്കുന്നതും സന്തോഷം നൽകുന്നു – ഹസരംഗ

ഐപിഎലില്‍ ഇന്നലെ നടന്ന മത്സരത്തിൽ ആര്‍സിബിയുടെ വിജയത്തിൽ പ്രധാനിയായത് അഞ്ച് വിക്കറ്റ് നേടിയ ഹസരംഗയായിരുന്നു.ഐപിഎലില്‍ അഞ്ച് ശ്രീലങ്കന്‍ താരങ്ങള്‍ കളിക്കുന്നതും അവരെല്ലാം മികച്ച രീതിയിൽ കളിക്കുന്നതും തനിക്ക് സന്തോഷം നൽകുന്നുവെന്നാണ് മത്സരശേഷം പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം വനിന്‍ഡു ഹസരംഗ പ്രതികരിച്ചത്.

ഹസരംഗയ്ക്ക് പുറമെ മഹീഷ് തീക്ഷണ(ചെന്നൈ), ദുഷ്മന്ത ചമീര(ലക്നൗ), ഭാനുക രാജപക്സ(പഞ്ചാബ്), ചമിക കരുണാരത്നേ(കൊല്‍ക്കത്ത) എന്നിവരാണ് ഈ അഞ്ച് താരങ്ങള്‍. ഇതിൽ ചമിക ഒഴികെ മറ്റ് താരങ്ങള്‍ക്കെലാം മത്സരിക്കുവാന്‍ അവസരം ലഭിച്ചു. അവരെല്ലാം സ്വന്തം ടീമുകള്‍ക്കായി ശ്രദ്ധേയമായ പ്രകടനങ്ങളും പുറത്തെടുത്തു.

ഇതിൽ 10.75 കോടി രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കിയ വനിന്‍ഡു ഹസരംഗയാണ് ഏറ്റവും മൂല്യമേറിയ താരം. ചമീരയ്ക്ക് 2 കോടി ലഭിച്ചപ്പോള്‍ തീക്ഷണയെ 70 ലക്ഷത്തിനാണ് ചെന്നൈ സ്വന്തമാക്കിയത്. കരുണാരത്നേയും രാജപക്സും 50 ലക്ഷത്തിനാണ് ഐപിഎലിലേക്ക് എത്തിയത്.