ഫ്ലെമിംഗുമായി പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു – ചെന്നൈ സൂപ്പര്‍ കിംഗ്സ് കോച്ചുമായുള്ള അസ്വാരസ്യത്തെക്കുറിച്ച് അശ്വിന്‍

2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുമ്പോള്‍ താനും കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് പറഞ്ഞ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവിചന്ദ്രന്‍ അശ്വിന്‍. തന്നെ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിന്റെ പേരില്‍ പുറത്തിരുത്തിയപ്പോള്‍ തനിക്ക് തോന്നിയത് തന്റെ മുഖത്ത് കനത്ത അടി തന്നത് പോലെയാണെന്നാണ് അശ്വിന്‍ പറഞ്ഞത്. കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് തന്നെ പിന്തുണയ്ക്കുന്നില്ലെന്ന് തോന്നല്‍ തനിക്കുണ്ടായി എന്നും അശ്വിന്‍ പറഞ്ഞു.

താന്‍ എപ്പോളും ടി20 ക്രിക്കറ്റ് കളിക്കുന്നത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെക്കാള്‍ എളുപ്പമാണെന്ന് കരുതിയ വ്യക്തിയാണ്. എന്നാല്‍ ഇത് തനിക്ക് വലിയ തിരിച്ചടിയായി തോന്നിയെന്നും പിന്നീട് താന്‍ ഫ്ലെമിംഗുമായി സംസാരിച്ചില്ലെന്നും അശ്വിന്‍ പറഞ്ഞു. പിന്നീടുള്ള ചെന്നൈയുടെ മത്സരങ്ങള്‍ താന്‍ വീട്ടിലിരുന്നാണ് കണ്ടതെന്നും അതിന് ശേഷം താന്‍ മനസ്സില്‍ തിരിച്ചുവരവ് നടത്തുമെന്ന പ്രതിജ്ഞ എടുത്തിരുന്നുവെന്നും അശ്വിന്‍ വെളിപ്പെടുത്തി.

Exit mobile version