തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധ ശതകം നേടി ഹാര്‍ദ്ദിക്, ക്യാപ്റ്റന്‍ മടങ്ങിയ ശേഷം ഗുജറാത്തിന് താളം തെറ്റി

Sports Correspondent

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 156 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഹാര്‍ദ്ദിക് പാണ്ഡ്യ മികച്ച ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും ടിം സൗത്തിയുടെ നിര്‍ണ്ണായക പ്രഹരങ്ങളാണ് ഗുജറാത്തിനെ പിടിച്ചു നിര്‍ത്തുവാന്‍ കൊല്‍ക്കത്തയെ സഹായിച്ചത്. അവസാന ഓവറിൽ 4 വിക്കറ്റ് വീഴ്ത്തി റസ്സലും രംഗത്തെത്തിയപ്പോള്‍ മത്സരത്തിൽ 9 വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീമിന് തുടക്കത്തിൽ തന്നെ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ വൃദ്ധിമന്‍ സാഹയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് 75 റൺസ് കൂട്ടിചേര്‍ത്ത ശേഷം 25 റൺസ് നേടിയ സാഹ മടങ്ങി.

Timsouthee

സാഹയ്ക്ക് പകരം ക്രീസിലെത്തിയ മില്ലറുമായി ചേര്‍ന്ന് 50 റൺസാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നേടിയത്. 27 റൺസ് നേടിയ മില്ലര്‍ പുറത്തായ ശേഷം 17ാം ഓവറിൽ 67 റൺസ് നടിയ ഹാര്‍ദ്ദിക് പുറത്താകുമ്പോള്‍ 49 പന്താണ് താരം തന്റെ ഇന്നിംഗ്സിൽ നേരിട്ടത്. ടിം സൗത്തിയ്ക്കായിരുന്നു വിക്കറ്റ്.

അതേ ഓവറിൽ സൗത്തി റഷീദ് ഖാനെയും വീഴ്ത്തിയപ്പോള്‍ 175ന് മേലെയുള്ള ഗുജറാത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി ഏറ്റു തുടങ്ങിയിരുന്നു. തന്റെ സ്പെല്ലിൽ വെറും 24 റൺസ് വഴങ്ങിയാണ് സൗത്തി മൂന്ന് വിക്കറ്റ് നേടിയത്. ഇന്നിംഗ്സിലെ അവസാന ഓവര്‍ അതുവരെ മത്സരത്തിൽ പന്തെറിയാതിരുന്ന റസ്സലിന് നൽകിയപ്പോള്‍ താരം 4 വിക്കറ്റാണ് നേടിയത്.

രാഹുല്‍ തെവാത്തിയ നേടിയ 17 റൺസാണ് 156 റൺസിലേക്ക് ഗുജറാത്തിനെ എത്തുവാന്‍ സഹായിച്ചത്.