വിജയം തേടി ആര്‍സിബി ഗുജറാത്തിലേക്ക്, എബിഡി കളിയ്ക്കില്ല

ബാംഗ്ലൂരിനു ഈ സീസണില്‍ ഇതുവരെ മികച്ച ടീമായി മാറുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് സത്യമായി നില്‍ക്കെ അനിവാര്യമായ വിജയം തേടി അവര്‍ ഗുജറാത്തിന്റെ മണ്ണില്‍ ഇന്ന് ഇറങ്ങുകയാണ്. ഇന്ന് രാത്രി 8 മണിക്ക് രാജ്കോട്ടില്‍ ഗുജറാത്തും ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോള്‍ ബാറ്റിംഗ് വിരുന്ന തന്നെ കാണികള്‍ക്ക് പ്രതീക്ഷിക്കാം. അഞ്ച് മത്സരങ്ങളില്‍ 4 എണ്ണവും പരാജയപ്പെട്ട് രണ്ട് പോയിന്റുമായി ബാംഗ്ലൂരാണ് പോയിന്റ് ടേബിളില്‍ അവസാനം. അതേ പോയിന്റ് ഉള്ള ഗുജറാത്ത് ഒരു മത്സരം കുറവാണ് കളിച്ചിട്ടുള്ളത്. ബാംഗ്ലൂരിന്റെ തോല്‍വികളില്‍ മൂന്നെണ്ണം അവരുടെ ഹോം മത്സരങ്ങളില്‍ നിന്നാണ്. പൂനെയ്ക്കെതിരെയുള്ള തങ്ങളുടെ ഹോം മത്സരം വിജയിച്ചു എന്നുള്ളത് ഗുജറാത്തിനു ആശ്വാസം പകരുന്നു.

ഗുജറാത്ത് ലയണ്‍സിനു ബൗളിംഗ് ആണ് പ്രശ്നമെങ്കില്‍ തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ സ്ഥിരതിയില്ലായ്മയാണ് ബാംഗ്ലൂരിനെ അലട്ടുന്നത്. കോഹ്‍ലി, എബിഡി, കേധാര്‍ ജാധവ് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോളും ഗെയില്‍, വാട്സണ്‍ എന്നിവര്‍ ഇതുവരെ പരാജയമാണ്. എബിഡി ഇന്നത്തെ മത്സരത്തിനിറങ്ങില്ല എന്നത് ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ്. വാട്സണ്‍ ബാറ്റു കൊണ്ടും ബോള്‍ കൊണ്ടും പരാജയപ്പെടുന്നത് ചെറുതായല്ല ബാംഗ്ലൂരിനെ അലട്ടുന്നത്. വാട്സണെ പുറത്തിരുത്തി ഗെയിലിനു അവസരം നല്‍കാന്‍ ഇത് ബാംഗ്ലൂര്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചേക്കാം. മന്‍ദീപ് സിംഗിനും ടൂര്‍ണ്ണമെന്റില്‍ ഇതുവരെ മികച്ച തുടക്കം നല്‍കുവാന്‍ സാധിച്ചിട്ടില്ല. തൈമല്‍ മില്‍സ്, സാമുവല്‍ ബദ്രി, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ താരതമ്യേന മികച്ച പ്രകടനാണ് ഇതുവരെ പുറത്തെടുത്തത്. കഴിഞ്ഞ മത്സരത്തിനു ഇറങ്ങിയ ആഡം മില്‍നെയും മികച്ച രീതിയാലണ് പന്തെറിഞ്ഞത്. ശ്രീനാഥ് അരവിന്ദും പവന്‍ നേഗിയും ബൗളിംഗ് നിരയ്ക്ക് ശ്രദ്ധേയമായ സംഭാവനകളാണ് നല്‍കുന്നത്.

ആന്‍ഡ്രൂ ടൈ ടീമില്‍ ഇടം നേടിയതില്‍ പിന്നെ തെല്ലൊന്നു മെച്ചപ്പെട്ട ഗുജറാത്തിന്റെ ബൗളിംഗ് നിര എന്നാലും അത്ര പ്രഭാവമുള്ള ഒന്നാണെന്ന് പറയാന്‍ വയ്യ. മുംബൈ ഇന്ത്യന്‍സിനെതിരെ നല്ല രീതിയില്‍ പന്തെറിഞ്ഞ ബേസില്‍ തമ്പിയെ ഒഴിച്ച് നിര്‍ത്തിയാല്‍ ഗുജറാത്തിന്റെ ബൗളിംഗ് പ്രകടനം ഇതുവരെ ശരാശരിയില്‍ താഴെ മാത്രമാണ്. മികച്ച ആഭ്യന്തര സീസണ്‍ കഴിഞ്ഞു വരുന്ന ധവാല്‍ കുല്‍ക്കര്‍ണിയ്ക്ക് പോലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുന്നില്ല എന്നതാണ് ഗുജറാത്തിനെ ഏറെ അലട്ടുന്നത്.
ബാറ്റിംഗ് തന്നെയാണ് ഗുജറാത്തിന്റെ ശക്തി. ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും അപകടകാരികളായ ഓപ്പണര്‍മാര്‍ (മക്കല്ലം-സ്മിത്ത്) ഉള്ള ഗുജറാത്തിനു സുരേഷ് റൈനയും ദിനേശ് കാര്‍ത്തിക്കും അടങ്ങിയ മധ്യനിരയും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. ആരോണ്‍ ഫിഞ്ച് ടീമിലേക്ക് തിരിച്ചെത്താന്‍ ഇടയുണ്ടെങ്കിലും ടീമിനു ബാലന്‍സ് നല്‍കുന്നതിനായി ജെയിംസ് ഫോക്നറെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത ഏറെയാണ്.

ഇരു ടീമുകളും തങ്ങളുടെ മികച്ച ഇലവനെ കണ്ടെത്തുവാനുള്ള ശ്രമം തുടരുമ്പോളും ഇന്നത്തെ വിജയം അവരുടെ ടൂര്‍ണ്ണമെന്റിലെ ഭാവി തീരുമാനിക്കുന്നതൊന്നാവും.