ഐപിഎല്‍ ഔദ്യോഗിക സ്പോണ്‍സര്‍മാരായി ഡ്രീം ഇലവന്‍

ഐപിഎല്‍ 2020ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരാകുക ഡ്രീം ഇലവന്‍. ലഭിയ്ക്കുന്ന വിവര പ്രകാരം 222 കോടി രൂപയ്ക്കാണ് ഈ വര്‍ഷത്തെ ഐപിഎലിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കുവാന്‍ ഈ ഗെയിമിംഗ് കമ്പനിയ്ക്ക് സാധിച്ചത്. ജിയോ, ടാറ്റ സണ്‍സ്, പതാഞ്ജലി എന്നിങ്ങനെ പല കമ്പനികളും ഈ വര്‍ഷത്തെ ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പിനായി മുന്നോട്ട് വന്നിരുന്നുവെന്നാണ് പുറത്ത് വന്ന വിവരം.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ ഐപിഎലിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതോടെയാണ് ബിസിസിഐയ്ക്ക് പുതിയ സ്പോണ്‍സറെ തേടേണ്ടി വന്നത്.

ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. അണ്‍അക്കാഡമി 210 കോടിയും ടാറ്റ സണ്‍സ് 180 കോടിയും ബൈജൂസ് 125 കോടിയുമാണ് സ്പോണ്‍സര്‍ഷിപ്പിനായി സമ്മതിച്ച തുക.