Dhonidube

വിജയം ഉറപ്പാക്കി ധോണിയും ദുബേയും, അഞ്ച് തോൽവികള്‍ക്ക് ശേഷം ചെന്നൈയ്ക്ക് വിജയം

ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മികച്ച വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 167 റൺസ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ ഒരു ഘട്ടത്തിൽ 15 ഓവര്‍ പിന്നിടുമ്പോള്‍ 111/5 എന്ന നിലയിൽ ആയിരുന്നുവെങ്കിലും 57 റൺസ് നേടിയ ധോണി – ദുബേ കൂട്ടുകെട്ടാണ് മത്സരം ചെന്നൈ പക്ഷത്തേക്ക് മാറ്റിയത്. 19.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ വിജയം കരസ്ഥമാക്കിയത്.

52 റൺസ് ആണ് ചെന്നൈയുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടായ രച്ചിന്‍ രവീന്ദ്ര – ഷൈഖ് റഷീദ് നേടിയത്. 19 പന്തിൽ 27 റൺസ് നേടിയ റഷീദിനെ അവേശ് ഖാന്‍ ആണ് പുറത്താക്കിയത്. അധികം വൈകാതെ രച്ചിന്‍ രവീന്ദ്രയെ ചെന്നൈയ്ക്ക് നഷ്ടമായി. 22 പന്തിൽ 37 റൺസ് നേടിയ രവീന്ദ്രയെ മാര്‍ക്രം ആണ് വിക്കറ്റിന് മുന്നിൽ കുടുക്കിയത്.

തൊട്ടടുത്ത ഓവറിൽ രാഹുല്‍ ത്രിപാഠിയെ രവി ബിഷ്ണോയി പുറത്താക്കിയതോടെ 76/3 എന്ന നിലയിലേക്ക് ചെന്നൈ വീണു. രവീന്ദ്ര ജഡേജയെ രവി ബിഷ്ണോയിയും വിജയ് ശങ്കറെ ദിഗ്വേഷ് രഥിയും പുറത്താക്കിയപ്പോള്‍ ചെന്നൈ 111/5 എന്ന നിലയിലേക്ക് വീണു. അവിടെ നിന്ന് എംഎസ് ധോണിയും ശിവം ദുബേയും ചേര്‍ന്നാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 24 റൺസെന്ന പ്രാപ്യമായ ലക്ഷ്യത്തിലേക്ക് ചെന്നൈയെ എത്തിയ്ക്കുവാന്‍ ഈ കൂട്ടുകെട്ടിനായി. എംഎസ് ധോണിയുടെ അതിവേഗ സ്കോറിംഗാണ് ചെന്നൈയ്ക്ക് മേൽക്കൈ നൽകിയത്.

ശര്‍ദ്ധുൽ താക്കൂര്‍ എറിഞ്ഞ 19ാം ഓവറിൽ കാര്യങ്ങള്‍ ലക്നൗവിന് കൈവിട്ട് പോകുകയായിരുന്നു. ആദ്യ രണ്ട് പന്തിൽ തന്നെ ഒരു ഫോറും സിക്സും വന്നപ്പോള്‍ തന്നെ മത്സരം ചെന്നൈ പക്ഷത്തേക്ക് മാറിയിരുന്നു. ഓവറിൽ ധോണിയുടെ ക്യാച്ച് ബിഷ്ണോയി കളഞ്ഞപ്പോള്‍ അവസാന പന്തിൽ ധോണി ബൗണ്ടറി നേടി. ഓവറിൽ നിന്ന് 19 റൺസ് വന്നപ്പോള്‍ അവസാന ഓവറില്‍ വിജയ ലക്ഷ്യം 5 റൺസ് മാത്രമായിരുന്നു.

ശിവം ദുബേ ബൗണ്ടറി നേടിയപ്പോള്‍ 19.3 ഓവറിൽ ചെന്നൈ വിജയം നേടുകയായിരുന്നു. ദുബേ 37 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ധോണി 11 പന്തിൽ 26 റൺസുമായി വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചു.

Exit mobile version