മിന്നും തുടക്കം നൽകി മയാംഗും ധവാനും, അവസാന ഓവറുകളിൽ ജിതേഷ് ശര്‍മ്മയുടെ വെടിക്കെട്ട് പ്രകടനം

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 198 റൺസ് നേടി പഞ്ചാബ് കിംഗ്സ്. ആദ്യ പത്തോവറിൽ 99 റൺസാണ് പഞ്ചാബ് നേടിയതെങ്കിലും അടുത്ത പത്തോവറിൽ ടീം 99 റൺസ് കൂടി നേടി. ആദ്യ പകുതിയിൽ മയാംഗും ധവാനും കസറിയപ്പോള്‍ അവസാന ഓവറുകളിൽ ജിതേഷ് ശര്‍മ്മയാണ് തിളങ്ങിയത്.

97 റൺസ് കൂട്ടുകെട്ടിനെ മുരുഗന്‍ അശ്വിനാണ് തകര്‍ത്തത്. 32 റൺസ് നേടിയ മയാംഗിനെയാണ് പ‍ഞ്ചാബിന് പത്താം ഓവറിൽ നഷ്ടം ആയത്. പത്താം ഓവര്‍ അവസാനിക്കുമ്പോള്‍ മുംബൈ 99/1 എന്ന നിലയിലായിരുന്നു.

മയാംഗ് പുറത്തായ ശേഷം 37 പന്തിൽ ധവാന്‍ തന്റെ അര്‍ദ്ധ ശതകം തികച്ചു. എന്നാൽ അധികം വൈകാതെ പഞ്ചാബിന് ബൈര്‍സ്റ്റോയെ നഷ്ടമായി. ഉനഡ്കട് ആണ് വിക്കറ്റ് നേടിയത്. 12 റൺസായിരുന്നു ബൈര്‍സ്റ്റോയുടെ സംഭാവന. അടുത്ത ഓവരിൽ അപകടകാരിയായ ലിയാം ലിവിംഗ്സ്റ്റണിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പഞ്ചാബ് പതിവ് പോലെ തകരുന്ന കാഴ്ചയാണ് പൂനെയിൽ കണ്ടത്.

ബേസിൽ തമ്പിയ്ക്ക് വിക്കറ്റ് നൽകി 17ാം ഓവറിൽ ധവാന്‍ മടങ്ങുമ്പോള്‍ 50 പന്തിൽ 70 റൺസാണ് താരം നേടിയത്. ജയ്ദേവ് ഉന‍‍ഡ്കട് എറിഞ്ഞ 18ാം ഓവറിൽ ജിതേഷ് ശര്‍മ്മ താരത്തെ അടിച്ച് പറത്തിയപ്പോള്‍ ഓവറിൽ നിന്ന് 23 റൺസാണ് പിറന്നത്. താരം രണ്ട് സിക്സും രണ്ട് ഫോറും ആണ് നേടിയത്.

ജിതേഷ് ശര്‍മ്മ 15 പന്തിൽ 30 റൺസ് നേടിയപ്പോള്‍ ഷാരൂഖ് ഖാന്‍ 6 പന്തിൽ 15 റൺസ് നേടി അവസാന ഓവറിൽ ബേസിൽ തമ്പിയ്ക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു. 16 പന്തിൽ 46 റൺസാണ് ജിതേഷ് – ഷാരൂഖ് കൂട്ടുകെട്ട് നേടിയത്.