പവര്‍ പ്ലേയിലെ മികച്ച തുടക്കത്തിനു ശേഷം കീഴടങ്ങി ബാംഗ്ലൂര്‍, ഡല്‍ഹി പ്ലേ ഓഫിലേക്ക്

ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 188 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നേരിയതെങ്കിലും ഉണ്ടായിരുന്ന പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. പവര്‍പ്ലേയില്‍ പാര്‍ത്ഥിവ് പട്ടേലും വിരാട് കോഹ്‍ലിയും മികച്ച തുടക്കം നല്കിയ ശേഷം പവര്‍പ്ലേ അവസാനിക്കുവാന്‍ ഒരു പന്ത് അവശേഷിക്കെയാണ് പാര്‍ത്ഥിവ് പട്ടേല്‍ പുറത്തായത്. 20 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ താരത്തിന്റെ പുറത്താകലിനു ശേഷം കൃത്യമായ ഇടവേളകളില്‍ ബാംഗ്ലൂരിന്റെ വിക്കറ്റ് വീഴുകയായിരുന്നു. നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് മാത്രമേ ബാംഗ്ലൂരിനു നേടാനായുള്ളു. 39 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേല്‍ ആണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍.

വിരാട് കോഹ്‍ലിയെ(23) അക്സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ എബിഡിയുടെ (17) പതനം ഉറപ്പാക്കിയത് ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് ആയിരുന്നു. 16 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ ശിവം ഡുബേയെയും ഹെയിന്‍റിച്ച് ക്ലാസ്സനെയും അമിത് മിശ്ര മടക്കിയതോടെ 111/5 എന്ന നിലയിലേക്ക് റോയല്‍ ചലഞ്ചേഴ്സ് വീണു. 48 റണ്‍സ് നേടുന്നതിനിടെയാണ് ടീമിന്റെ അഞ്ച് വിക്കറ്റ് വീണത്.

തുടര്‍ന്ന് ആറാം വിക്കറ്റില്‍ ഒത്തുകൂടിയ ഗുര്‍കീരത്ത് സിംഗ് മന്‍-മാര്‍ക്കസ് സ്റ്റോയിനിസ് കൂട്ടുകെട്ടാണ് ടീമിനു വേണ്ടി അവസാനവട്ട പോരാട്ടം നടത്തിയത്. അവസാന 24 പന്തില്‍ 52 റണ്‍സ് നേടേണ്ടിയിരുന്ന ബാംഗ്ലൂര്‍ ഇഷാന്ത് ശര്‍മ്മ എറി‍ഞ്ഞ 16ാം ഓവറില്‍ 2 ഫോറും ഒരു സിക്സും സഹിതം 16 റണ്‍സ് നേടി അവസാന മൂന്നോവറിലെ ലക്ഷ്യം 36 ആക്കി മാറ്റി.

റബാഡ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ബാംഗ്ലൂരിനു നേടാനായത് വെറും 6 റണ്‍സാണ്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി. ഇഷാന്ത് ശര്‍മ്മ എറിഞ്ഞ 19ാം ഓവറില്‍ വെറും നാല് റണ്‍സ് വഴങ്ങി ഗുര്‍കീരത് സിംഗ് മന്നിന്റെ വിക്കറ്റ് ഡല്‍ഹി വീഴ്ത്തി. 19 പന്തില്‍ നിന്ന് 27 റണ്‍സായിരുന്നു താരം നേടിയത്.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 26 എന്ന ശ്രമകരമായ ലക്ഷ്യം തേടിയിറങ്ങിയ ബാംഗ്ലൂരിനു വാഷിംഗ്ടണ്‍ സുന്ദറിനെ നഷ്ടമായി. 32 റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനിസ് പുറത്താകാതെ നിന്നപ്പോള്‍ ബാംഗ്ലൂരിനു 16 റണ്‍സ് അകലെ വരെ മാത്രമേ എത്തുവാനായുള്ളു. ജയത്തോടെ പ്ലേ ഓഫിലേക്ക് എത്തുന്ന രണ്ടാമത്തെ ടീമായി മാറി ഡല്‍ഹി.

അമിത് മിശ്രയും കാഗിസോ റബാഡയും ഡല്‍ഹിയ്ക്കായി 2 വീതം വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ്മ, അക്സര്‍ പട്ടേല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.