അവസാനം വരെ പൊരുതി മുംബൈ, മൂന്നാം ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎലില്‍ ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ അവസാന ഓവര്‍ വരെ പൊരുതി മുംബൈ ഇന്ത്യന്‍സ്. ലക്ഷ്യമായ 138 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ ആണ് വിജയം നേടാനായത്.

രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിയ്ക്ക് പൃഥ്വി ഷായെ നഷ്ടമായിരുന്നു. ശിഖര്‍ ധവാനും സ്റ്റീവന്‍ സ്മിത്തും രണ്ടാം വിക്കറ്റില്‍ നേടിയ 53 റണ്‍സും ധവാനും ലളിത് യാദവും ചേര്‍ന്ന് നേടിയ 36 റണ്‍സും ആണ് ഡല്‍ഹിയുടെ ചേസിംഗില്‍ നിര്‍ണ്ണായകമായത്. സ്മിത്ത് 33 റണ്‍സും ശിഖര്‍ ധവാന്‍ 45 റണ്‍സുമാണ് നേടിയത്. സ്മിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കീറണ്‍ പൊള്ളാര്‍ഡാണ് കൂട്ടുകെട്ട് തകര്‍ത്തത്. ധവാന്റെ വിക്കറ്റ് ചഹാറും നേടി.

ലക്ഷ്യം 3 ഓവറില്‍ 22 എന്ന നിലയിലേക്ക് അവസാനത്തോട് എത്തിയപ്പോള്‍ ലളിത് യാദവും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്ന് ലക്ഷ്യം അവസാന ഓവറില്‍ 5 റണ്‍സാക്കി കുറയ്ക്കുകയായിരുന്നു. 23 റണ്‍സ് കൂട്ടുകെട്ടാണ് ലളിത് യാദവും ഷിമ്രണ്‍ ഹെറ്റ്മ്യറും ചേര്‍ന്ന് നേടിയത്. ലളിത് യാദവ് 22 റണ്‍സും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 14 റണ്‍സും നേടി പുറത്താകാതെ നിന്നാണ് ഡല്‍ഹിയുടെ വിജയം ഉറപ്പാക്കിയത്.