അവിശ്വസനീയ അവസാന ഓവര്‍, മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

55/5 എന്ന നിലയില്‍ നിന്ന് മത്സരം കൈവിട്ടുവെന്ന ഏവരുടെയും വിലയിരുത്തലുകളെ തെറ്റിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ വിജയത്തിലേക്ക് മയാംഗ് അഗര്‍വാല്‍ നയിക്കുമെന്ന് കരുതിയെങ്കിലും തോല്‍വിയില്‍ നിന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്.

ഇരു പക്ഷത്തേക്കും മാറി മറിഞ്ഞ മത്സരം അവസാന മൂന്ന് പന്തുകള്‍ അവശേഷിക്കെ പഞ്ചാബ് 1 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. അവസാന രണ്ട് പന്തില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് മത്സരം ടൈയിലാക്കുവാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചത്.

പഞ്ചാബിന്റെ തുടക്കം പാളിയ ശേഷം ആര്‍ക്കും കാര്യമായി റണ്‍സ് കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല. താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനെ അതേ ഓവറില്‍ തന്നെ പരിക്കേറ്റ് ഡല്‍ഹിയ്ക്ക് നഷ്ടമാകുന്നതാണ് കണ്ടത്.

എന്നാല്‍ പിന്നെയും വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. മയാംഗ് അഗര്‍വാള്‍ ഒറ്റയാള്‍ പോരാട്ടവുമായി ഒരു വശത്ത് പൊരുതിയെങ്കിലും മറ്റു ബാറ്റ്സ്മാന്മാരുടെ പരാജയം പഞ്ചാബിന് വിനയായി. 20 റണ്‍സ് നേടിയ കൃഷ്ണപ്പ ഗൗതവും 21 റണ്‍സ് നേടിയ ലോകേഷ് രാഹുലമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നിരയില്‍ റണ്‍സ് കണ്ടെത്തിയ താരങ്ങള്‍.

എന്നാല്‍ പിന്നീട് മത്സരം മയാംഗ് അഗര്‍വാലിന്റെ ഒറ്റയാന്‍ പോരാട്ടത്തില്‍ തിരിച്ച് പിടിക്കുന്നതാണ് ആരാധകര്‍ക്ക് കാണുവാന്‍ കഴിഞ്ഞത്. ഒരു ഘട്ടത്തില്‍ മത്സരം ഡല്‍ഹി ജയിക്കുമെന്ന് കരുതിയ ഘട്ടത്തില്‍ നിന്നാണ് ടീം മത്സരം കൈവിട്ടത്.

മോഹിത് ശര്‍മ്മ എറിഞ്ഞ 18ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടി ലക്ഷ്യം 12 ഓവറില്‍ 25 റണ്‍സെന്ന നിലയില്‍ ആക്കി മാറ്റുവാന്‍ മയാംഗിന് സാധിച്ചിരുന്നു. കാഗിസോ റബാഡ എറിഞ്ഞ 19ാം ഓവറില്‍ ഒരു ഫോറും ഒരു ഡബിളും നല്‍കിയ മയാംഗ് അടുത്ത പന്തില്‍ ഒരു അവസരം നല്‍കിയെങ്കിലും ബൗണ്ടറിയില്‍ ശ്രേയസ്സ് അയ്യര്‍ അത് കൈവിടുകയും പന്ത് ബൗണ്ടറിയിലേക്ക് കടത്തുകയും ചെയ്തു. ഓവറില്‍ നിന്ന് 12 റണ്‍സാണ് പിറന്നത്.

അവസാന ഓവറില്‍ വിജയത്തിനായി12 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് വേണ്ടി മയാംഗ് ആദ്യ പന്തില്‍ തന്നെ സിക്സ് നേടി. അടുത്ത പന്തില്‍ ഡബിള്‍ നേടിയതോടെ ലക്ഷ്യം നാല് പന്തില്‍ അഞ്ചായി മാറി. അടുത്ത പന്തില്‍ ബൗണ്ടറി നേടി സ്കോറുകള്‍ ഒപ്പമെത്തിച്ചുവെങ്കിലും ഒരു പന്ത് അവശേഷിക്കെ ജയം ഒരു റണ്‍സ് അകലെയുള്ളപ്പോള്‍ മയാംഗ് പുറത്താകുകയായിരുന്നു.

സ്റ്റോയിനിസ് എറിഞ്ഞ ഓവറിന്റെ അവസാന മൂന്ന് പന്തിലാണ് പഞ്ചാബ് മത്സരം കൈവിടുന്നത് കണ്ടത്. 60 പന്തില്‍ നിന്ന് 89 റണ്‍സാണ് മയാംഗ് നേടിയത്. 101/6 എന്ന നിലയില്‍ നിന്ന് 157/6 എന്ന നിലയിലേക്ക് മയാംഗ് ടീമിനെ എത്തിച്ചുവെങ്കിലും ജയമെന്ന ലക്ഷ്യത്തിലേക്ക് ടീമിനെ നയിക്കുവാന്‍ മയാംഗിന് സാധിച്ചില്ല.

അവസാന ഓവറില്‍ വീഴ്ത്തിയ രണ്ട് വിക്കറ്റ് അടക്കം സ്റ്റോയിനിസ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റബാഡയും അശ്വിനും രണ്ട് വീതം വിക്കറ്റ് നേടി.