വാര്‍ണര്‍ ഈ സീസണില്‍ 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നു

സണ്‍റൈസേഴ്സിന്റെ ടോപ് ഓര്‍ഡറിലെ സൂപ്പര്‍ താരവും ടീമിന്റെ ഈ സീസണിലെ ബാറ്റിംഗ് നെടുംതൂണുമായ ഡേവിഡ് വാര്‍ണര്‍ ഈ സീസണില്‍ കുറഞ്ഞത് 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞ് വിവിഎസ് ലക്ഷ്മണ്‍. ടീമിന്റെ മെന്റര്‍ കൂടിയായ ലക്ഷ്മണ്‍ വാര്‍ണര്‍ കോച്ച് ടോം മൂഡിയോട് പറഞ്ഞ കാര്യം വെളിപ്പെടുത്തുകയായിരുന്നു. താന്‍ ഐപിഎലിലേക്ക് മടങ്ങിയെത്തുന്ന സീസണില്‍ 500 റണ്‍സ് ടീമിനായി നേടിയിരിക്കുമെന്നാണ് വാര്‍ണര്‍ ഉറപ്പ് നല്‍കിയത്.

പറഞ്ഞത് പോലെ 692 റണ്‍സ് നേടിയാണ് വാര്‍ണര്‍ ഈ സീസണ്‍ അവസാനിപ്പിച്ച് മടങ്ങിയത്. ഇംഗ്ലണ്ടിന്റെ ജോണി ബൈര്‍സ്റ്റോയോടൊപ്പം ഓപ്പണിംഗിനെത്തിയ വാര്‍ണര്‍ ഒരു ശതകം അടക്കം 8 അര്‍ദ്ധ ശതകങ്ങളും ഈ സീസണില്‍ നേടി. ഇരുവരും ഈ സീസണിലെ ഏറ്റവും അപകടകാരിയായ ഓപ്പണിംഗ് കൂട്ടുകെട്ടായി മാറിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇരു താരങ്ങളും മടങ്ങിയതോടെ സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് ശക്തി പൂര്‍ണ്ണമായും ക്ഷയിച്ചു കഴിഞ്ഞുവെന്ന് വേണം പറയുവാന്‍. ടീമില്‍ ഫോമിലുള്ള ഏക താരം മനീഷ് പാണ്ടേയാണ്. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും അധികം മികവ് പുലര്‍ത്തുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 14 പോയിന്റുള്ള ടീം നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണെങ്കിലും ഒരു ജയം കൂടി ഉറപ്പാക്കിയാലെ ടീമിനു പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കുവാനാകൂ.

ഡേവിഡ് വാര്‍ണര്‍ ടോം മൂഡിയ്ക്ക് മെസ്സേജ്ജായി ആണ് ഈ 500 റണ്‍സിന്റെ കാര്യം അറിയിച്ചത്. അതിനു വേണ്ടി ദൃഢനിശ്ചയത്തോടെയാണ് വാര്‍ണര്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെട്ടതും. താരം വിലക്ക് നേരിട്ട 2018 ഒഴികെ എല്ലാ സീസണിലും 500ലധികം റണ്‍സ് വാര്‍ണര്‍ നേടിയിരുന്നു. നിലവില്‍ 692 റണ്‍സോടെ ഓറഞ്ച് ക്യാപ് ഉടമ കൂടിയാണ് ഡേവിഡ് വാര്‍ണര്‍.