അഭിമാനം അഭിഷേക്!!! ആദ്യ ജയം നേടി സൺറൈസേഴ്സ്, ചെന്നൈയ്ക്ക് നാലാം തോൽവി

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് നാലാം തോല്‍വി സമ്മാനിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് അഭിഷേക് ശര്‍മ്മയുടെ മികവാര്‍ന്ന ഇന്നിംഗ്സാണ് സൺറൈസേഴ്സിന് ആദ്യ ജയം നേടിക്കൊടുത്തത്. 8 വിക്കറ്റ് ജയം ടീം ഉറപ്പാക്കിയത് 17.4 ഓവറിലാണ്.

അഭിഷേക് ശര്‍മ്മയും കെയിന്‍ വില്യംസണും ചേര്‍ന്ന് കരുതലോടെയാണ് സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചത്. വില്യംസൺ നങ്കൂരമിട്ട് ക്രീസിൽ നിലയുറപ്പിച്ചപ്പോള്‍ അഭിഷേ്ക് ശര്‍മ്മയ്ക്കായിരുന്നു അതിവേഗത്തിൽ സ്കോറിംഗിനുള്ള ചുമതല.

13ാം ഓവറിന്റെ ആദ്യ പന്തിൽ മാത്രമാണ് കൂട്ടുകെട്ട് തകർക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചത്. 89 റൺസ് നേടിയ അഭിഷേക് ശര്‍മ്മ – കെയിന്‍ വില്യംസൺ കൂട്ടുകെട്ടിനെ മുകേഷ് ചൗധരിയാണ് തകര്‍ത്തത്. 32 റൺസ് നേടിയ കെയിന്‍ വില്യംസണെ മോയിന്‍ അലിയുടെ കൈകളിൽ എത്തിച്ചായിരുന്നു ഈ നേട്ടം.

47 പന്തിൽ 66 റൺസായിരുന്നു കെയിന്‍ വില്യംസൺ പുറത്തായപ്പോള്‍ സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. വില്യംസണിന് പകരം ക്രീസിലെത്തിയ ത്രിപാഠിയും ശര്‍മ്മയ്ക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ സൺറൈസേഴ്സിന്റെ ലക്ഷ്യം 30 പന്തിൽ 34 റൺസായി ചുരുങ്ങി.

56 റൺസ് കൂട്ടുകെട്ടിന് ഒടുവിൽ അഭിഷേക് ശര്‍മ്മ പുറത്താകുമ്പോള്‍ താരം 50 പന്തിൽ 75 റൺസായിരുന്നു നേടിയത്. സൺറൈസേഴ്സിന് ജയിക്കുവാന്‍ 17 പന്തിൽ 10 റൺസും 17.4 ഓവറിൽ സൺറൈസേഴ്സ് വിജയിക്കുമ്പോള്‍ രാഹുല്‍ ത്രിപാഠി 15 പന്തിൽ 39 റൺസ് നേടി പുറത്താകാതെ നിന്നു.