കൊൽക്കത്ത കുതിച്ചു, പിന്നെ കിതച്ചു, ചെന്നൈയ്ക്ക് നാലാം കിരീടം സമ്മാനിച്ച് ലോര്‍ഡ് താക്കൂര്‍

ഐപിഎലില്‍ തങ്ങളുടെ നാലാം കിരീടം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൊല്‍ക്കത്ത ഓപ്പണര്‍മാര്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ലോര്‍ഡ് ശര്‍ദ്ധുൽ താക്കൂര്‍ വെങ്കിടേഷ് അയ്യരെയും നിതീഷ് റാണയെയും ഒരേ ഓവറിൽ പുറത്താക്കിയ തുടക്കമിട്ട കൊല്‍ക്കത്തയുടെ തകര്‍ച്ചയ്ക്ക് രവീന്ദ്ര ജഡേജയും ആക്കം കൂട്ടിയപ്പോള്‍ 27 റൺസ് വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് കൊല്‍ക്കത്ത നേടിയത്.

31 പന്തിൽ അയ്യര്‍ തന്റെ അര്‍ദ്ധ ശതകം തികച്ച അടുത്ത പന്തിൽ കൊല്‍ക്കത്തയ്ക്ക് ശുഭ്മന്‍ ഗില്ലിനെ നഷ്ടമാകുകയായിരുന്നു. എന്നാൽ പന്ത് സ്പൈഡര്‍ കാം കേബിളിൽ കൊണ്ടതിനാൽ തന്നെ ഗില്ലിന് ജീവന്‍ ദാനം ലഭിച്ചു.

Shubmangillvenkateshiyer

എന്നാൽ അടുത്ത ഓവറിൽ വെങ്കിടേഷ് അയ്യരുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. താക്കൂറിനാണ് വിക്കറ്റ്. അയ്യരുടെ സ്കോര്‍ പൂജ്യത്തിലുള്ളപ്പോള്‍ എംഎസ് ധോണി താരത്തെ കൈവിട്ടിരുന്നു. 64 പന്തിൽ 91 റൺസാണ് വെങ്കിടേഷ് അയ്യരും ശുഭ്മന്‍ ഗില്ലും നേടിയത്. അതേ ഓവറിൽ തന്നെ നിതീഷ് റാണയെ പിടിച്ച് ലോര്‍ഡ് താക്കൂര്‍ ചെന്നൈയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

91/0 എന്ന നിലയിൽ നിന്ന് 97/3 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുന്ന കാഴ്ചയാണ് ദുബായിയിൽ പിന്നീട് കണ്ടത്. ഇതിനിടെ ശുഭ്മന്‍ ഗിൽ തന്റെ അര്‍ദ്ധ ശതകം 40 പന്തിൽ തികച്ചു. തൊട്ടടുത്ത ഓവറിൽ ഗില്ലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ദീപക് ചഹാര്‍ ചെന്നൈയ്ക്ക് മത്സരത്തിൽ മുന്‍തൂക്കം നേടിക്കൊടുത്തു.

മത്സരം അവസാന ആറോവറിലേക്ക് കടന്നപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 76 റൺസായിരുന്നു വിജയത്തിനായി വേണ്ടിയിരുന്നത്. സ്കോറിംഗ് വേഗത കൂട്ടുവാന്‍ ശ്രമിച്ച് ദിനേശ് കാര്‍ത്തിക്ക്(9) രവീന്ദ്ര ജഡേജയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയതോടെ കൊല്‍ക്കത്ത ക്യാമ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു തുടങ്ങി. അതേ ഓവറിൽ ഷാക്കിബ് അല്‍ ഹസനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ചെന്നൈയെ കിരീടത്തിലേക്ക് കൂടുതൽ അടുപ്പിച്ചു.

ശര്‍ദ്ധുൽ താക്കൂര്‍ എറിഞ്ഞ 19ാം ഓവറിൽ 17 പിറന്നപ്പോള്‍ താരം 10 ബോളാണ് ആ ഓവറിൽ എറിഞ്ഞത്. ആ ഓവര്‍ ക്യാപ്റ്റന്‍ കൂള്‍ ധോണി തന്റെ കൂള്‍ നഷ്ടമാകുന്നത് കാണികള്‍ക്ക് കാണാനായി. ഒമ്പതാം വിക്കറ്റിൽ ശിവം മാവി – ലോക്കി ഫെര്‍ഗൂസൺ കൂട്ടുകെട്ട് 39 റൺസ് നേടിയാണ് കൊല്‍ക്കത്തയുടെ തോല്‍വിയുടെ ഭാരം കുറച്ചത്.

മാവി 20 റൺസ് നേടി അവസാന ഓവറിൽ ബ്രാവോയ്ക്ക് വിക്കറ്റ് നല്‍കിയപ്പോള്‍ ലോക്കി ഫെര്‍ഗൂസൺ 18 റൺസുമായി പുറത്താകാതെ നിന്നു. താക്കൂര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹാസൽവുഡും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റ് നേടി.