ജഡേജ ടോപ് സ്കോറര്‍, ചെന്നൈയെ വരിഞ്ഞ് കെട്ടി രാജസ്ഥാന്‍ റോയല്‍സ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ചുവെങ്കിലും ആവശ്യത്തിന് റണ്‍സ് കണ്ടെത്തുവാന്‍ ടീമിന് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാനും മത്സരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയെ 125/5 സ്കോറിലേക്ക് നയിച്ചത്.

ജഡേജ 30 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ ധോണിയുമായി താരം അഞ്ചാം വിക്കറ്റില്‍ നേടിയ 50 റണ്‍സ് കൂട്ടുകെട്ടാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

Dhonijadeja

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സാണ് ചെന്നൈ നേടിയത്. ഫാഫ് ഡു പ്ലെസിയെയും(10) ഷെയിന്‍ വാട്സണെയുമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. കാര്‍ത്തിക് ത്യാഗിയെ താന്‍ നേരിട്ട ആദ്യ രണ്ട് പന്തുകളില്‍ ബൗണ്ടറി കടത്തിയ വാട്സണെ അടുത്ത പന്തില്‍ താരം പുറത്താക്കുകയായിരുന്നു.

Josbuttler

മികച്ചൊരു ക്യാച്ചിലുടെ ജോസ് ബട്‍ലറാണ് ഫാഫ് ഡു പ്ലെസിയെ പിടിച്ച് പുറത്താക്കിയത്. ജോഫ്രയ്ക്കായിരുന്നു വിക്കറ്റ്. പവര്‍പ്ലേയ്ക്ക് ശേഷം സാം കറനെയും ചെന്നൈയ്ക്ക് നഷ്ടമായി. പവര്‍ ഹിറ്ററായി ഇറങ്ങിയ താരത്തിന് 25 പന്തില്‍ നിന്ന് 22 റണ്‍സാണ് നേടാനായത്. ശ്രേയസ്സ് ഗോപാലിന്റെ പന്തില്‍ ജോസ് ബട്‍ലര്‍ ലോംഗ് ഓഫില്‍ പിടിച്ചാണ് കറന്‍ പുറത്തായത്.

പത്താം ഓവറിന്റെ അവസാന പന്തില്‍ തെവാത്തിയ റായിഡുവിനെ(13) പുറത്താക്കിയതോടെ 56/4 എന്ന നിലയിലേക്ക് ചെന്നൈ വീണു. അവിടെ നിന്ന് ധോണിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് നേടിയെങ്കിലും സ്കോറിംഗിന് വേഗത കൊണ്ടുവരുവാന്‍ ഇവര്‍ക്കായില്ല. 46 പന്താണ് ഈ കൂട്ടുകെട്ട് നേരിട്ടത്. 28 റണ്‍സ് നേടി ധോണി 18ാം ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.

രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മികച്ച സ്പെല്‍ എറിഞ്ഞുവെങ്കില്‍ ഫീല്‍ഡില്‍ താരം നിരാശപ്പെടുത്തുകയായിരുന്നു. ശ്രേയസ്സ് ഗോപാല്‍ വെറും 14 റണ‍്‍സ് വിട്ട് നല്‍കിയപ്പോള്‍ തെവാത്തിയ പതിനെട്ട് റണ്‍സാണ് നല്‍കിയത്. മൂവരും ഓരോ വിക്കറ്റ് നേടി. കാര്‍ത്തിക് ത്യാഗിയ്ക്കും ഒരു വിക്കറ്റ് ലഭിച്ചു.