ചെന്നൈയ്ക്ക് തങ്ങളുടെ അഭാവം ഒരു പ്രശ്നമല്ല – ഹര്‍ഭജന്‍ സിംഗ്

ഐപിഎലില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ വളരെ വൈകിയാണ് ഹര്‍ഭജന്‍ സിംഗും സുരേഷ് റെയ്നയും തീരുമാനിച്ചത്. ക്യാമ്പില്‍ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇരു താരങ്ങളും വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ച് ദുബായിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. തന്റെയോ സുരേഷ് റെയ്നയുടെയോ അസാന്നിദ്ധ്യം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടത്.

എല്ലാ സീസണും പോലെ ഈ സീസണിലും ടീം മികവ് പുലര്‍ത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതും അത്രയ്ക്കും ശക്തമായ ബെഞ്ചാണ് ചെന്നൈയുടേതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഇരുവര്‍ക്കും പകരക്കാരെ ഇതുവരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രഖ്യാപിച്ചിട്ടില്ല. ഏറ്റവും പരിചയമ്പത്തുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സെന്നും ഒരു ഹര്‍ഭജനോ ഒരു സുരേഷ് റെയ്നയോ ഇല്ലാത്തത് അവരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഹര്‍ഭജന്‍ വ്യക്തമാക്കി.

ഷെയിന്‍ വാട്സണ്‍, എംഎസ് ധോണി, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിങ്ങനെ പരിചയമ്പത്തുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാനാകാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.