പൊരുതി നോക്കി സര്‍ഫ്രാസും രാഹുലും, പിടിവിടാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ്, 22 റണ്‍സ് ജയം

സര്‍ഫ്രാസ് ഖാനും കെഎല്‍ രാഹുലും അര്‍ദ്ധ ശതകങ്ങളുമായി പൊരുതി നോക്കിയെങ്കിലും വിജയം പിടിച്ചെടുക്കാനാകാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ്. വിജയത്തിനായി 161 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തില്‍ 138 റണ്‍സ് മാത്രമേ പഞ്ചാബിനു 5 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. അവസാന ഓവറില്‍ പുറത്താകുമ്പോള്‍ 67 റണ്‍സാണ് സര്‍ഫ്രാസ് ഖാന്‍ നേടിയത്. കെഎല്‍ രാഹുല്‍ 55 റണ്‍സ് നേടി പുറത്തായി. ഹര്‍ഭജന്‍ സിംഗിനു പുറമെ തന്റെ കന്നി ഐപിഎല്‍ മത്സരം കളിച്ച സ്കോട്ട് കുഗ്ഗലൈന്‍ രണ്ട് വിക്കറ്റും നേടി.

ഹര്‍ഭജന്‍ സിംഗ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും പതറാതെ പൊരുതിയ സര്‍ഫ്രാസ് ഖാനും കെഎല്‍ രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 110 റണ്‍സിന്റെ ബലത്തില്‍ ചെന്നൈയെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് തള്ളിയിടാമെന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് കരുതിയെങ്കിലും അവസാന ഓവറില്‍ കൂറ്റനടികള്‍ നേടുവാന്‍ ടീമിനു കഴിയാതെ പോയതോടെ ടീം പരാജയത്തിലേക്ക് വീണു.

സര്‍ഫ്രാസും കെഎല്‍ രാഹുലും ടി20 ശൈലിയിലുള്ള ഇന്നിംഗ്സ് അല്ല കളിച്ചതെങ്കിലും ഏറെ നിര്‍ണ്ണായകമായ ഇന്നിംഗ്സാണ് ഇരു താരങ്ങളും ഇന്ന് നേടിയത്. ഇരുവരും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ നേടി റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തിയപ്പോള്‍ കിംഗ്സിനു അവസാന 4 ഓവറില്‍ വിജയിക്കുവാന്‍ 51 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

താഹിര്‍ എറിഞ്ഞ അടുത്ത ഓവറില്‍ നിന്ന് പഞ്ചാബിനു മൂന്ന് റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു. അടുത്ത ഓവറില്‍ കുഗ്ഗലൈനിന്റെ ഓവറില്‍ വലിയ ഷോട്ടിനു ശ്രമിച്ച് രാഹുല്‍(55) പുറത്തായി. ക്രീസിലെത്തിയ മില്ലര്‍ ഒരു ബൗണ്ടറി നേടിയെങ്കിലും ഓവറില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമേ പഞ്ചാബിനു നേടാനായുള്ളു. അവസാന രണ്ടോവറിലേക്ക് മത്സരം എത്തിയപ്പോള്‍ 39 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്.

ദീപക് ചഹാര്‍ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ പന്തില്‍ താരം എറിഞ്ഞ പന്ത് ബീമറായി മാറിയപ്പോള്‍ സര്‍ഫ്രാസ് ബൗണ്ടറി നേടി. കിട്ടിയ ഫ്രീഹിറ്റും ബീമറായപ്പോള്‍ അതില്‍ നിന്ന് 2 റണ്‍സ് കൂടി നേടുവാന്‍ സര്‍ഫ്രാസിനായി. അടുത്ത പന്ത് മികച്ചൊരു യോര്‍ക്കര്‍ എറിഞ്ഞ് ചഹാര്‍ സര്‍ഫ്രാസിനെ ബീറ്റണാക്കിയെങ്കിലും ആദ്യ പന്തില്‍ നിന്ന് 9 റണ്‍സാണ് താരം വഴങ്ങിയത്. എന്നാല്‍ ഓവര്‍ അവസാനിച്ചപ്പോള്‍ താരം വെറും 4 റണ്‍സ് കൂടി വഴങ്ങി മില്ലറെ പുറത്താക്കുക കൂടി ചെയ്തു. ഇതോടെ അവസാന ഓവറില്‍ ജയിക്കുവാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു 26 റണ്‍സ് എന്ന നിലയിലേക്ക് മത്സരം മാറി.

അവസാന ഓവറില്‍ നിന്ന് വെറും 3 റണ്‍സ് മാത്രം വിട്ട് നല്‍കി കുഗ്ഗലൈന്‍ സര്‍ഫ്രാസിനെയും പുറത്താക്കി ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു.