ഈ ബുംറയൊക്കെ എന്ത് ചെയ്യാനാണ്!!! 2014ൽ കോഹ്‍ലി തന്നോട് പറഞ്ഞത് ഇപ്രകാരം – പാര്‍ത്ഥിവ് പട്ടേൽ

2014ൽ ഐപിഎലില്‍ ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി ഈ ആവശ്യം അവഗണിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേൽ.

ബുംറയും പാര്‍ത്ഥിവും ഗുജറാത്തിന് വേണ്ടിയാണ് കളിച്ച് കൊണ്ടിരുന്നത്. 2013ൽ താരം മുംബൈ ഇന്ത്യന്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ചുവെങ്കിലും 2015ൽ മാത്രമാണ് ടീമിനായി ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. അതിന് ശേഷം താരത്തിന് ഇന്ത്യന്‍ ടീമിലിടവും പിന്നീട് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന ബൗളറായും ബുംറ മാറി.

ആഭ്യന്തര ക്രിക്കറ്റില്‍ മോശം ഫോമിലായിരുന്നപ്പോളും മുംബൈ ഇന്ത്യന്‍സ് നൽകിയ പിന്തുണയാണ് താരത്തിന് തുണയായതെന്ന് പാര്‍ത്ഥിവ് പറഞ്ഞു. ഐപിഎലിലും അന്താരാഷ്ട്ര തലത്തിലും താരം മെച്ചപ്പെടുവാന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

2014ൽ താന്‍ ഐപിഎലില്‍ ആര്‍സിബിയയ്ക്കൊപ്പമായിരുന്നപ്പോള്‍ വിരാടിനോട് ബുംറയെ പരിഗണിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ “വിടളിയാ, ഈ ബുംറ-വുംറ ഒക്കെ എന്ത് ചെയ്യാനാ” എന്നാണ് കോഹ്‍ലി ചോദിച്ചതെന്നും കോഹ്‍ലി പറഞ്ഞുവെന്നാണ് പാര്‍ത്ഥിവ് പറഞ്ഞത്.