Harpreetbrar

ബൗളിംഗ് കരുത്ത് വര്‍ദ്ധിപ്പിച്ച് പഞ്ചാബ്, ബ്രാര്‍, വൈശാഖ് വിജയകുമാര്‍, യഷ് താക്കൂര്‍ എന്നിവര്‍ ടീമിൽ

ഐപിഎലില്‍ തങ്ങളുടെ ടീം ഉടച്ച് വാര്‍ത്ത പഞ്ചാബ് കിംഗ്സ് ലേലത്തിലേക്ക് വരുമ്പോള്‍ ഏറ്റവും അധികം തുകയുമായാണ് എത്തിയത്. അര്‍ഷ്ദീപിനെയും യൂസുവേന്ദ്ര ചഹാലിനെയും 18 കോടി രൂപ നൽകി സ്വന്തമാക്കിയ ടീം സ്റ്റോയിനിസിനെ 11 കോടിയ്ക്ക് സ്വന്തമാക്കി. 26.75 കോടി രൂപ നൽകി ശ്രേയസ്സ് അയ്യരെ സ്വന്തമാക്കിയ ടീം ഓസീസ് ഓള്‍റൗണ്ടര്‍മാരായ സ്റ്റോയിനിസിനെയും(11 കോടി), ഗ്ലെന്‍ മാക്സ്വെല്ലിനെയും (4.2 കോടി) സ്വന്തമാക്കിയിരുന്നു.

മികച്ച ബൗളര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയും സ്വന്തമാക്കിയ ടീം കൂട്ടത്തിൽ ലേലത്തിന്റെ ആദ്യ ദിവസത്തെ അവസാനത്തോടെ തങ്ങളുടെ ബൗളിംഗിന് കൂടുതൽ കരുത്തേകുന്ന കാഴ്ചയാണ് കണ്ടത്. ഹര്‍പ്രീത് ബ്രാര്‍, വൈശാഖ് വിജയകുമാര്‍, യഷ് താക്കൂര്‍ എന്നിവരെയും ഫ്രാഞ്ചൈസി ടീമിലേക്ക് എത്തിച്ചു.

ലക്നൗ മുംബൈ എന്നിവരുടെ വെല്ലുവിളി അതിജീവിച്ചാണ് ബ്രാറിനെ 1.5 കോടി രൂപയ്ക്ക് പഞ്ചാബ് സ്വന്തമാക്കിയത്. സൺറൈസേഴ്സ് ലേലം തുടങ്ങി ഗുജറാത്ത് രംഗത്തെത്തിയ വൈശാഖിനായി പിന്നീട് മാത്രമാണ് പഞ്ചാബ് രംഗത്തെത്തിയത്. ഒടുവില്‍ ഗുജറാത്തിന്റെ വെല്ലുവിളി മറികടന്ന് 1.80 കോടി രൂപയ്ക്ക് താരം പഞ്ചാബ് നിരയിലെത്തി.

ഗുജറാത്തും പഞ്ചാബുമായിരുന്നു യഷ് താക്കൂറിന് വേണ്ടിയും രംഗത്തെത്തിയത്. അന്തിമ വിജയം 1.6 കോടി രൂപയ്ക്ക് പഞ്ചാബിനൊപ്പമായിരുന്നു.

Exit mobile version