ടീമിനെ വിശ്വസിച്ചതിന് ലഭിച്ച വിജയം – എംഎസ് ധോണി

തുടര്‍ച്ചയായ മൂന്ന് തോല്‍വികളേറ്റ് വാങ്ങിയാണ് എംഎസ് ധോണി ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമില്ലാതെയാണ് പഞ്ചാബിനെതിരെ സിഎസ്കെ ഇറങ്ങിയത്. റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്ന ഷെയിന്‍ വാട്സണോടൊപ്പം ടീമിന്റെ ഏക ആശ്രയമായ ഫാഫ് ഡു പ്ലെസിയും ക്രീസിലെത്തിയപ്പോള്‍ 10 വിക്കറ്റ് വിജയമാണ് മത്സരത്തില്‍ ചെന്നൈ നേടിയത്.

ടീമില്‍ നടപ്പാക്കി വരുന്ന പ്രക്രിയയില്‍ വിശ്വസിക്കുക എന്ന ചെറിയ കാര്യം മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ ഫലമാണ് പഞ്ചാബിനെതിരെ ലഭിച്ചതെന്നും എംഎസ് ധോണി വ്യക്തമാക്കി. ഇത്തരം ഒരു തുടക്കമാണ് ഏറെ കാലമായി കാത്തിരുന്നതെന്നും ഇവിടെയാണ് പരിചയസമ്പത്തിന്റെ ഗുണം ടീമിന് ലഭിച്ചതെന്നും എംഎസ് ധോണി വ്യക്തമാക്കി.

ഫാഫ് – വാട്സണ്‍ കൂട്ടുകെട്ടിന്റെ ബാറ്റിംഗ് കാണുന്നത് തന്നെ ആസ്വാദകരമായിരുന്നുവെന്നും ഇരുവരും പരസ്പരം മികച്ച പിന്തുണ നല്‍കിയാണ് തങ്ങളുടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചതെന്നും ധോണി വ്യക്തമാക്കി. വാട്സണ്‍ നെറ്റ്സില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നതെന്നും അതിനാല്‍ തന്നെ അത് മത്സരത്തില്‍ വരുമെന്നത് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും എംഎസ് ധോണി അഭിപ്രായപ്പെട്ടു.

Exit mobile version