അർജുൻ ടെണ്ടുൽക്കർ ഐ.പി.എല്ലിൽ നിന്ന് പുറത്ത്

മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ അർജുൻ ടെണ്ടുൽക്കർ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. പരിക്ക് മൂലം താരം ഈ സീസണിൽ കളിക്കില്ലെന്ന് മുംബൈ ഇന്ത്യൻസ് വ്യക്തമാക്കി. അർജുൻ ടെണ്ടുൽക്കറിന് പകരമായി ബൗളർ സിമർജീത് സിംഗിനെ ടീമിൽ ഉൾപെടുത്തിയതായും മുംബൈ ഇന്ത്യൻസ് അറിയിച്ചു. സിമർജീത് സിങ് നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം ടീമിനൊപ്പം ചേർന്നിട്ടുണ്ടെന്നും മുംബൈ ഇന്ത്യൻസ് വ്യക്തമാക്കി.

ഡൽഹി താരമായ സിമർജീത് സിങ് ശ്രീലങ്കൻ പര്യടനത്തിന് പോയ ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളർമാരിൽ ഒരാളായിരുന്നു. തുടർന്ന് ഇന്ത്യൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സിമർജീത് ടീമിനൊപ്പം ചേരുകയും ചെയ്തിരുന്നു. നേരത്തെ ബേസ് തുകയായ 20 ലക്ഷം മുടക്കിയാൻ അർജുൻ ടെണ്ടുൽക്കറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. എന്നാൽ അർജുൻ ടെണ്ടുൽക്കർ ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല.