Arshdeepsingh

സ്കൈ താണ്ഡവത്തെ വെല്ലും പ്രകടനവുമായി അര്‍ഷ്ദീപിന്റെ ബൗളിംഗ് മികവ്, മുംബൈയെ വീഴ്ത്തി പഞ്ചാബ്

മുംബൈയുടെ ബാറ്റിംഗ് വെല്ലുവിളി അതിജീവിച്ച് 13 റൺസ് വിജയവുമായി പഞ്ചാബ് കിംഗ്സ്. നിര്‍ണ്ണായക ഘട്ടത്തിൽ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ അര്‍ഷ്ദീപിന്റെ തകര്‍പ്പന്‍ സ്പെല്ലാണ് മുംബൈയുടെ പ്രതീക്ഷകള്‍ക്കുമേൽ പഞ്ചാബിന്റെ മിന്നും വിജയത്തിന് കാരണമായത്. 215 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസേ നേടാനായുള്ളു.

രണ്ടാം ഓവറിൽ ഇഷാന്‍ കിഷനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മയും കാമറൺ ഗ്രീനും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 54 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ലിയാം ലിവിംഗ്സ്റ്റൺ ബൗളിംഗിനെത്തിയപ്പോള്‍ ആദ്യ പന്തിൽ രോഹിത് ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത പന്തിൽ സ്വന്തം ബൗളിംഗിൽ രോഹിത്തിനെ പിടിച്ച് പുറത്താക്കുവാന്‍ ലിയാം ലിവിംഗ്സ്റ്റണിന് സാധിച്ചു. 27 പന്തിൽ നിന്ന് 44 റൺസായിരുന്നു രോഹിത് നേടിയത്. 74 റൺസായിരുന്നു ഈ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്.

രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഫോമിലാണെന്ന് തെളിയിച്ച് ലിയാം ലിവിംഗ്സ്റ്റണിന്റെ അടുത്ത ഓവറിൽ നിന്ന് തുടരെ മൂന്ന് ബൗണ്ടറികള്‍ നേടുകയായിരുന്നു. നഥാന്‍ എല്ലിസിനെ സിക്സര്‍ കൂടി അടിച്ച് സൂര്യകുമാര്‍ മുംബൈ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തിയപ്പോള്‍ അവസാന ഏഴോവറിൽ 97 റൺസായിരുന്നു മുംബൈ വിജയത്തിനായി നേടേണ്ടിയിരുന്നത്.

സാം കറനെ 14ാം ഓവറിൽ ഒരു ഫോറിനും സിക്സിനും സ്കൈ അതിര്‍ത്തി കടത്തിയപ്പോള്‍ ഓവറിൽ നിന്ന് 14 റൺസ് പിറന്നു. ഇതോടെ അവസാന 36 പന്തിൽ 84 റൺസ് ആയി മുംബൈയുടെ വിജയലക്ഷ്യം.

കാമറൺ ഗ്രീന്‍ 38 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചത് രാഹുല്‍ ചഹാറിനെ സിക്സര്‍ പറത്തിയായിരുന്നു. അതേ ഓവറിൽ അതിന് മുമ്പ് രാഹുലിനെതിരെ സൂര്യകുമാര്‍ യാദവും ബൗണ്ടറി നേടി. ഗ്രീന്‍ നേടിയ സിക്സിന് പിന്നാലെ താരം ഒരു ബൗണ്ടറി കൂടി നേടി. ഓവറിലെ അവസാന പന്തിൽ ഒരു റൺസ് ഗ്രീന്‍ നേടിയപ്പോള്‍ 17 റൺസാണ് 15ാം ഓവറിൽ നിന്ന് വന്നത്.

ഇതോടെ അവസാന അഞ്ചോവറിൽ 66 റൺസ് എന്ന നിലയിലായി മുംബൈയുടെ ലക്ഷ്യം. നഥാന്‍ എല്ലിസിനെ തൊട്ടടുത്ത ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ഒരു സിക്സും ബൗണ്ടറിയും നേടിയ കാമറൺ ഗ്രീനിനെ എന്നാൽ തൊട്ടടുത്ത പന്തിൽ സാം കറന്റെ കൈകളിലെത്തിച്ച് എല്ലിസ് 36 പന്തിൽ നിന്ന് 75 റൺസ് നേടിയ ഈ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 43 പന്തിൽ നിന്ന് 67 റൺസാണ് ഗ്രീന്‍ നേടിയത്.

തൊട്ടടുത്ത ഓവറിൽ സാം കറനെ ബൗണ്ടറി പായിച്ച് 23 പന്തിൽ നിന്ന് സ്കൈ തന്റെ അര്‍ദ്ധ ശതകം തികച്ചു. ഓവറിലെ അവസാന പന്തിൽ സിക്സര്‍ കൂടി സൂര്യ നേടിയപ്പോള്‍ ഓവറിൽ നിന്ന് 14 റൺസ് വന്നു.

അവസാന മൂന്നോവറിൽ 40 റൺസ് ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്കായി ടിം ഡേവിഡ് അര്‍ഷ്ദീപിന്റെ ആദ്യ പന്ത് സിക്സര്‍ നേടി. അടുത്ത രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രം അര്‍ഷ്ദീപ് വിട്ട് നൽകിയപ്പോള്‍ സ്ട്രൈക്ക് തിരിച്ച് ലഭിച്ച സൂര്യകുമാറിനെ അര്‍ഷ്ദീപ് പുറത്താക്കുകയായിരുന്നു. 26 പന്തിൽ 57 റൺസായിരുന്നു സൂര്യകുമാര്‍ നേടിയത്.

അടുത്ത രണ്ട് പന്തുകളിൽ രണ്ട് സിംഗിളുകള്‍ മാത്രം വന്നപ്പോള്‍ 12 പന്തിൽ നിന്ന് വിജയത്തിനായി മുംബൈ 31 റൺസ് നേടണമായിരുന്നു. നഥാന്‍ എല്ലിസ് എറിഞ്ഞ 19ാം ഓവറിൽ ടിം ഡേവിഡിന്റെ ബാറ്റിൽ നിന്ന് 114 മീറ്റര്‍ ദൂരം പോയ ഒരു പടുകൂറ്റന്‍ സിക്സര്‍ ഉള്‍പ്പെടെ 15 റൺസ് വന്നപ്പോള്‍ അവസാന ഓവറിൽ 16 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.

ഓവറിലെ ആദ്യ പന്തിൽ സിംഗിള്‍ മാത്രം ടിം ഡേവിഡ് നേടിയപ്പോള്‍ രണ്ടാം പന്തിൽ തിലക് വര്‍മ്മയെ ബീറ്റൺ ആക്കിയ അര്‍ഷ്ദീപ് മൂന്നാം പന്തിൽ താരത്തിന്റെ മിഡിൽ സ്റ്റംപ് രണ്ടായി തെറിപ്പിച്ചു. ഇതോടെ 3 പന്തിൽ 15 റൺസെന്ന ശ്രമകരമായ ലക്ഷ്യമായിരുന്നു മുംബൈയുടെ മുന്നിൽ.

തൊട്ടടുത്ത പന്തിൽ നെഹാൽ വദേരയുടെ വിക്കറ്റും അര്‍ഷ്ദീപ് വീഴ്ത്തിയതോടെ മുംബൈ പ്രതീക്ഷകള്‍ അസ്തമിച്ചു. അടുത്ത രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രം വന്നപ്പോള്‍ വിജയം പഞ്ചാബ് സ്വന്തമാക്കി. നാല് വിക്കറ്റുകളാണ് അര്‍ഷ്ദീപ് നേടിയത്. ടിം ഡേവിഡ് 13 പന്തിൽ 25 റൺസ് നേടി പുറത്താകാതെ നിന്നു.

Exit mobile version