പൂനെക്കു 185 റൺസ് വിജയ ലക്‌ഷ്യം

പുണെ : ഐ പി എൽലെ മഹാരാഷ്ട്ര ഡെർബിയിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 8 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് നേടി. ടോസ് നേടിയ പുണെ നായകൻ സ്റ്റീവ് സ്മിത്ത് എതിരാളികളെ ബാറ്റിങ്ങിന് അയക്കുക ആയിരുന്നു. ഓപ്പണർ ജോസ് ബട്ലർ(38), നിതീഷ് റാണ(34), കീറാൻ പൊള്ളാർഡ് (27), ഹാർദിക് പാണ്ട്യ(35)എന്നിവരാണ് മുംബൈയുടെ പ്രധാന സ്കോറർമാർ. മൂന്ന് വിക്കറ്റ് നേടിയ ഇമ്രാൻ താഹിർ ആണ് പുണെ ബൗളിംഗ് നിരയിൽ തിളങ്ങിയത്. രജത് ഭട്ടിയ 2 വിക്കറ്റ് നേടി. ബെൻ സ്റ്റോക്സ്,ആദം സാമ്പ എന്നിവർ ഓരോ വിക്കറ്റ് നേടി.

ആദ്യ നാല് ഓവറുകളിൽ 41 റൺസ് അടിച്ചു കൂട്ടിയ മുംബൈ ഓപ്പണർമാർ ഉജ്വല തുടക്കമാണ് നൽകിയത്. അഞ്ചാം ഓവറിൽ ഓപ്പണർ പാർഥിവ് പട്ടേലിനെ(19) മടക്കിയ ഇമ്രാൻ താഹിർ ആണ് മുബൈക്കു ആദ്യ പ്രഹരമേല്പിച്ചത്. തന്റെ അടുത്ത ഓവറിൽ മുംബൈ നായകൻ രോഹിത് ശര്മയേയും ആക്രമിച്ചു കളിച്ച ജോസ് ബട്ലരെയും മടക്കിയ താഹിർ മുംബൈ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു. നിതീഷ് റാണ, പൊള്ളാർഡ് എന്നിവർ പിന്നീട് സ്കോറിങ്‌ ദൗത്യം ഏറ്റെടുത്തെങ്കിലും നിർണായക സമയത്തു വിക്കറ്റുകൾ വീഴ്ത്തി പുണെ മത്സരത്തിൽ പിടി മുറുക്കി.

അവസാന ഓവറിൽ ആഞ്ഞടിച്ച ഹർദിക് പാണ്ട്യ ആണ് മുംബൈ സ്കോർ 183ൽ എത്തിച്ചത്. അശോക് ദിണ്ട എറിഞ്ഞ അവസാന ഓവറിൽ 4 സിക്സറുകളും ഒരു ബൗണ്ടറിയും പറത്തിയ പാണ്ട്യ മുംബൈക്ക് നിർണായക മുൻതൂക്കം നൽകുകയായിരുന്നു.