
വിവാദങ്ങള്‍ക്ക് ശേഷം പൂനെയില്‍ കളി നടന്നപ്പോള്‍ ന്യൂസിലാണ്ടിനു ബാറ്റിംഗ് തകര്‍ച്ച. സ്റ്റിംഗ് ഓപ്പറേഷനില്‍ “ഇതൊരു 340 റണ്‍സ് പിച്ചാണ്”എന്ന് ക്യുറേറ്റര്‍ പറഞ്ഞ പിച്ചിലാണ് ന്യൂസിലാണ്ട് 200 കടക്കാന്‍ ബുദ്ധിമുട്ടിയത്. നിശ്ചിത് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടുകയായിരുന്നു. ഐസിസി നിരീക്ഷകന്റെ മത്സരാനുമതി ലഭിച്ച ശേഷം ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്നാല്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് ടോപ് ഓര്‍ഡര്‍ പുറത്തെടുത്തത്. മധ്യനിരയുടെ ചെറുത്ത് നില്പാണ് ടീം സ്കോര്‍ 200 കടക്കാന്‍ ന്യൂസിലാണ്ടിനെ സഹായിച്ചത്.
മൂന്നാം ഓവറില്‍ മാര്ട്ടിന് ഗുപ്ടിലിനെയും(11) ഏഴാം ഓവറില്‍ കോളിന് മുണ്റോയെയും(10) ഭുവനേശ്വര്‍ കുമാര്‍ മടക്കിയപ്പോള്‍ കെയിന്‍ വില്യംസണിന്റെ അന്തകനായത് ബുംറയാണ്. 27/3 എന്ന നിലയില്‍ നിന്ന് മധ്യനിരയില്‍ നിന്നുള്ള ചെറുത്ത്നില്പാണ് ന്യൂസിലാണ്ടിനെ 200 കടക്കാന്‍ സഹായിച്ചത്. ഹെന്റി നിക്കോളസ് 42 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. കോളിന് ഡി ഗ്രാന്‍ഡോം(41), ടോം ലാഥം(38), റോസ് ടെയിലര്‍(21) എന്നിവരാണ് മറ്റു പ്രധാന ബാറ്റ്സ്മാന്മാര്. ഹെന്റി നിക്കോളസിനെയും പുറത്താക്കിയത് ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു. മിച്ചല്‍ സാന്റനര്‍ 29 റണ്‍സും ടിം സൗത്തി 25 റണ്‍സും നേടി അവസാന ഓവറുകളില്‍ ടീമിനു തുണയായി.
ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ യൂസുവേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റ് നേടി. ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് നേടി. ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial