ആദ്യ ദിനം ജോണി ബാരിസ്റ്റോയ്ക്കും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും

- Advertisement -

മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസ്സിയേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സ്വന്തം. ആദ്യ ദിനത്തെ കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 268/8 എന്ന നിലയിലാണ്. ജോണി ബാരിസ്റ്റോ നേടിയ അര്‍ദ്ധ സെഞ്ച്വറിയാണ് (89) ഇംഗ്ലണ്ടിന്റേതായി പറയുവാനുള്ളത്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

നാല് ക്യാച്ചുകളാണ് ആദ്യ ദിനം ഇന്ത്യ കളഞ്ഞത്. അതില്‍ രണ്ട് തവണ ജീവന്‍ ലഭിച്ച അലിസ്റ്റര്‍ കുക്കിനു ആ അവസരം മികച്ചൊരു സ്കോറിലേക്ക് കൊണ്ടെത്തിക്കാനായില്ല. 27 റണ്‍സ് എടുത്ത കുക്ക് പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 51/3. ഹസീബ് ഹമീദിനെയും(9) ജോ റൂട്ടിനെയും (15) നേരത്തെ തന്നെ ഇംഗ്ലണ്ടിനു നഷ്ടമായിരുന്നു. മോയിന്‍ അലിയെ (16) ഷാമി പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് 87/4 എന്ന നിലയിലായിരുന്നു. എന്നാല്‍ ജോണി ബാരിസ്റ്റോ ബെന്‍ സ്റ്റോക്സ്(29) ജോസ് ബട്‍ലര്‍ (43) ക്രിസ് വോക്സ് (25) എന്നിവരൊടൊപ്പം പടുത്തുയര്‍ത്തിയ പാര്‍ട്ണര്‍ഷിപ്പുകള്‍ ഇംഗ്ലണ്ടിനെ സാമാന്യം ഭേദപ്പെട്ട ആദ്യ ദിന സ്കോറിലേക്ക് എത്തുകയായിരുന്നു. ജയന്ത് യാദവിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്പോള്‍ ജോണി ബാരിസ്റ്റോ 89 റണ്‍സ് നേടിയിരുന്നു. ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആദില്‍ റഷീദ്(4*) ഗാരത് ബാറ്റി(0*) എന്നിവരാണ് ക്രീസില്‍.

ഇന്ത്യയ്ക്ക് വേണ്ടി യാദവ് ദ്വയം(ഉമേഷ്, ജയന്ത്) രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷാമിയും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് പങ്കുവെച്ചു.
ഇന്ത്യയ്ക്ക് വേണ്ടി കരുണ്‍ നായര്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം മൊഹാലിയില്‍ കുറിച്ചു.

Advertisement