കോഹ്‍ലിയ്ക്കും വിജയ്ക്കും ശതകം, ആദ്യ ദിനം ഇന്ത്യ ശക്തം

ബംഗ്ലാദേശ് പര്യടനത്തിലെ ഏക ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 356/3 എന്ന നിലയിലാണ്. വിരാട് കോഹ്‍ലി(111*), മുരളി വിജയ്(108) എന്നിവരുടെ ശതകളാണ് ആദ്യ ദിവസം ഇന്ത്യയ്ക്കനുകൂലമാക്കിയത്. ചേതേശ്വര്‍ പുജാരയും(83) മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ക്രീസില്‍ 45 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് കോഹ്‍ലിയ്ക്ക് കൂട്ടായി ഉള്ളത്.

AP Photo

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കരുണ്‍ നായര്‍ക്ക് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ആദ്യ ഓവറില്‍ തന്നെ ടാസ്കിന്‍ അഹമ്മദ് കെഎല്‍ രാഹുലിനെ(2) പുറത്താക്കി ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും രണ്ടാം വിക്കറ്റില്‍ വിജയ്-പുജാര കൂട്ടുകെട്ട് ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കകുയായിരുന്നു. 83 റണ്‍സ് നേടിയ പുജാരയെ മെഹ്ദി ഹസന്‍ പുറത്താക്കുമ്പോള്‍ വിജയ്-പുജാര കൂട്ടുകെട്ട് 178 റണ്‍സ് നേടിയിരുന്നു. ക്രീസില്‍ കൂട്ടായി എത്തിയ വിരാട് കോഹ്‍ലിയോടൊപ്പം ചേര്‍ന്ന് മുരളി വിജയ് ഇന്ത്യന്‍ സ്കോര്‍ 200 കടത്തി. ചായയ്ക്ക് ശേഷം തന്റെ ശതകം പൂര്‍ത്തിയാക്കിയ വിജയ്(108) തൈജുല്‍ ഇസ്ലാമിന്റെ പന്തില്‍ പുറത്തായെങ്കിലും കോഹ്‍ലിയും-രഹാനെയും ഇന്ത്യന്‍ മേധാവിത്വം തുടര്‍ന്നു.

Previous articleകോട്ടക്കലിൽ കിരീടം ആർക്ക്? ഫിഫയും ബ്ലാക്കും ഇറങ്ങുന്നു
Next articleഫിഫാ റാങ്കിംഗ്, അർജന്റീന തന്നെ മുന്നിൽ, ഇന്ത്യ ഒരു സ്ഥാനം പിറകോട്ട്