വീണ്ടും തകര്‍ന്ന് ഇന്ത്യ, രാഹുല്‍ ഏക പോരാളി

- Advertisement -

കെഎല്‍ രാഹുലിന്റെ 90 റണ്‍സ് ഇല്ലായിരുന്നേല്‍ പൂനെ ടെസ്റ്റിലെ പോലെ നൂറ് റണ്‍സിനോടടുപ്പിച്ച് ഇന്ത്യ ഓള്‍ഔട്ട് ആവുന്ന കാഴ്ച ബെംഗളൂരൂവിലും നമുക്ക് കാണാനാകുമായിരുന്നു. അത് സംഭവിച്ചില്ലെങ്കിലും ഇന്ത്യ ആദ്യ ദിനം തന്നെ ഓള്‍ഔട്ട് ആയി. 189 റണ്‍സ് സ്കോര്‍ ചെയ്തു. ഈ പിച്ചില്‍ ഇതല്ല ഒരു ആദ്യ ഇന്നിംഗ്സ് സ്കോര്‍ എന്നത് നമുക്കറിയാം അത് ഓസ്ട്രേലിയ കാണിച്ചു തരികയും ചെയ്തു. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 40 റണ്‍സാണ് നേടിയത്.

 

അനാവശ്യ ഷോട്ടുകള്‍ക്ക് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ മുതിര്‍ന്നതാണ് ഇന്നത്തെ ഈ തകര്‍ച്ചയ്ക്ക് കാരണം. ആദ്യ സെഷനില്‍ മോശമല്ലാത്ത തുടക്കം ലഭിച്ച ഇന്ത്യയാണ് ഓള്‍ഔട്ട് ആവുന്ന കാഴ്ച നമ്മള്‍ കണ്ടത്. രണ്ട് മാറ്റങ്ങളോടു കൂടി ഇറങ്ങിയ ഇന്ത്യ ടോസ് ലഭിച്ചു ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ മുരളി വിജയ്ക്ക് പകരം അഭിനവ് മുകുന്ദും ജയന്ത് യാദവിനു പകരം കരുണ്‍ നായരും. 2011ലെ മോശം ഇംഗ്ലണ്ട് ടൂറിനു ശേഷം ആദ്യമായി ടെസ്റ്റ് കളിക്കുന്ന മുകുന്ദ് സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ തിരിച്ചു പവലിയനിലേക്ക് മടങ്ങി. മെല്ലെ തുടങ്ങിയ രാഹുലും പുജാരയും രണ്ടാം വിക്കറ്റില്‍ 61 റണ്‍സ് നേടിയെങ്കിലും ലഞ്ചിനു പിരിയാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെ പുജാര(17) പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം പരിശോധിച്ചാല്‍ എല്ലാവര്‍ക്കും തുടക്കം ലഭിച്ചുവെങ്കിലും അതൊരു വലിയ സ്കോറാക്കി മാറ്റുവാന്‍ കഴിയാതെ പോയതാണവര്‍ക്ക് തിരിച്ചടിയായത്. രാഹുലിനു കൂടായി കരുണ്‍ നായര്‍ മികച്ച ചെറുത്ത്നില്പ് പ്രകടിപ്പിച്ചുവെങ്കിലും ചായയ്ക്ക് രണ്ടോവര്‍ ശേഷിക്കെ സമനില നഷ്ടപ്പെട്ട് പുറത്താകുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ താരം സ്റ്റീവ് ഒക്കേഫെ മത്സരത്തില്‍ നേടിയ ഏക വിക്കറ്റാണിത്.

നഥാന്‍ ലയണ്‍ ആയിരുന്നു ഓസീസ് നിരയിലെ താരം. തന്റെ 22.2 ഓവറില്‍ 50 റണ്‍സ് നല്‍കി 8 വിക്കറ്റാണ് ഈ ഓസീസ് താരം നേടിയത്. അതില്‍ കെഎല്‍ രാഹുലിന്റെ വിലയേറിയ വിക്കറ്റും ഉള്‍പ്പെടുന്നു. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(23*), മാറ്റ് റെന്‍ഷാ(15*) എന്നിവരാണ് ക്രീസില്‍.

Advertisement