primus mobile
primus mobile

ഇന്ത്യ U19 ഏഷ്യ കപ്പ് ചാമ്പ്യന്മാര്‍

ശ്രീലങ്കയെ 34 റണ്‍സിനു പരാജയപ്പെടുത്തി ഇന്ത്യ U19 ഏഷ്യ കപ്പ് ചാമ്പ്യന്മാരായി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്നരങ്ങേറിയ ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കന്‍ ഇന്നിംഗ്സ് 239 ല്‍ അവസാനിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് വിജയികളാകുന്നത്. 29 റണ്‍സും നാല് വിക്കറ്റും വീഴ്ത്തിയ ഇന്ത്യന്‍ നായകന്‍ അഭിഷേക് ശര്‍മ്മയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇന്ത്യയുടെ ഹിമാന്‍ഷു റാണയാണ് ടൂര്‍ണ്ണമെന്റിലെ താരം.

ഇന്ത്യയ്ക്ക് വേണ്ടി ഹിമാന്‍ഷു റാണ(71) ശുഭ്മാന്‍ ഗില്‍ (70) എന്നിവര്‍ ടോപ് സ്കോറര്‍മാരായപ്പോള്‍ പൃഥ്വി ഷാ(39), അഭിഷേക് ശര്‍മ്മ(29), സല്‍മാന്‍ ഖാന്‍(26), കമലേഷ് നാഗര്‍കോടി (23) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. ശ്രീലങ്കയ്ക്ക് വേണ്ടി പ്രവീണ്‍ ജയവിക്രമ, നിപുന്‍ രന്‍സിക എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി.

ഓപ്പണര്‍ റെവെന്‍ കെല്ലിയും(62) ക്യാപ്റ്റന്‍ കമിന്‍ഡു മെന്‍ഡിസും(53) ശ്രീലങ്കന്‍ ചേസിംഗിനെ നയിച്ചുവെങ്കിലും ഇരുവരും പുറത്തായതോടു കൂടി ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു. 30 ഓവറുകള്‍ക്ക് ശേഷം 2 വിക്കറ്റ് നഷ്ടത്തില്‍ 158 എന്ന നിലയില്‍ നിന്നാണ് ശ്രീലങ്ക 239 റണ്‍സിനു പുറത്തായത്. മികച്ചൊരു റിട്ടേണ്‍ ക്യാച്ച് നേടിയ രാഹുല്‍ ചഹാറാണ് ശ്രീലങ്കന്‍ തകര്‍ച്ചയ്ക്ക് തുടക്കം ഇട്ടത്. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ്മ നാലും (പത്തോവറില്‍ 37 റണ്‍സ് വഴങ്ങി) രാഹുല്‍ ചഹാര്‍ മൂന്നും (പത്തോവറില്‍ 22 റണ്‍സ് വഴങ്ങി) വിക്കറ്റുകള്‍ നേടി.

Leave a Comment