കോഹ്‍ലി കസറി, അനായാസം ഇന്ത്യ, രോഹിത്തിനും ശതകം

ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ മറികടക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ നായകന്‍ ബാറ്റ് വീശിയപ്പോള്‍ ഗുവഹാത്തി ഏകദിനത്തില്‍ അനായാസ വിജയവുമായി ഇന്ത്യ. കോഹ്‍ലിയെ വെല്ലുന്ന ഇന്നിംഗ്സുമായി രോഹിത് ശര്‍മ്മയും രംഗത്തെത്തിയപ്പോള്‍ മത്സരത്തില്‍ നിലയുറപ്പിക്കുവാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായില്ല.

വിന്‍ഡീസിന്റെ കൂറ്റന്‍ സ്കോറായ 322 റണ്‍സ് പിന്തുടരാനിറങ്ങിയ ഇന്ത്യ 42.1 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. വിരാട് കോഹ്‍ലി 107 പന്തില്‍ 140 റണ്‍സ് നേടി പുറത്തായപ്പോള്‍ രോഹിത് ശര്‍മ്മയും തന്റെ ശതകം നേടി മികച്ച് നിന്നു. കോഹ്‍ലി തന്റെ 36ാം ശതകമാണ് ഇന്ന് സ്വന്തമാക്കിയത്.

ശിഖര്‍ ധവാനെ തുടക്കത്തില്‍ 4 റണ്‍സിനു നഷ്ടമായെങ്കിലും കോഹ്‍ലിയും രോഹിത് ശര്‍മ്മയും കൂടി ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റില്‍ 246 റണ്‍സാണ് നേടിയത്. 21 ബൗണ്ടറിയും 2 സിക്സും നേടിയ കോഹ്‍ലിയെ ദേവേന്ദ്ര ബിഷൂവിന്റെ ഓവറില്‍ ഷായി ഹോപ് സ്റ്റംപ് ചെയ്ത് പുറത്താകുകയായിരുന്നു.

രോഹിത് ശര്‍മ്മ 152 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 15 ബൗണ്ടറിയും എട്ട് സിക്സുമാണ് രോഹിത് ഇന്ന് നേടിയത്. 117 പന്തില്‍ നിന്നായിരുന്നു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം. 22 റണ്‍സുമായി അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു.

Exit mobile version