തിരുവനന്തപുരത്തെ ആദ്യ ജയത്തോടെ ഇന്ത്യക്ക് പരമ്പര

- Advertisement -

തിരുവനന്തപുരത്തെ മഴയോടും ന്യൂസിലൻഡിനോടും പൊരുതി ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ  ആദ്യ ടി20 മത്സരത്തിൽ മത്സരത്തിൽ ഇന്ത്യക്ക് 6 റൺസിന്റെ വിജയം.  മഴ മൂലം വെട്ടി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡിനു 6 വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ആദ്യത്തെ ടി20 പരമ്പര വിജയം സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കോഹ്‌ലിയുടെയും മനീഷ് പാണ്ഡേയുടെയും ഹർദിക് പാണ്ട്യയുടെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ 8 ഓവറിൽ 67 റൺസാണ് എടുത്തത്. കോഹ്‌ലി 6 പന്തിൽ 13 റൺസും മനീഷ് പാണ്ഡേ 11 പന്തിൽ 17 റൺസും ഹർദിക് പാണ്ട്യ 10 പന്തിൽ 14 റൺസും എടുത്തു. ന്യൂസിലാൻഡിനു വേണ്ടി ടിം സൗത്തിയും സോഥിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനെ ബുംറയും ഭുവനേശ്വർ കുമാറും ചേർന്ന് പിടിച്ചു കെട്ടുകയായിരുന്നു. ഇന്ത്യയുടെ ചിട്ടയായ ബൗളിങ്ങും മികച്ച ഫീൽഡിങ്ങും ഒത്തു ചേർന്നപ്പോൾ ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ബുംറ രണ്ട് വിക്കറ്റ് എടുത്തപ്പോൾ ഭുവനേശ്വർ കുമാറും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചഹാൽ രണ്ട് ഓവറിൽ വെറും 8 റൺസ് മാത്രമാണ് വഴങ്ങിയത്. ന്യൂസിലാൻഡ് ബാറ്റിംഗ് നിരയിൽ ഗ്ലെൻ ഫിലിപ്സും കോളിൻ ഡി ഗ്രാൻഡ്ഹോംമേയും മാത്രമേ രണ്ടക്കം കടന്നുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement