Picsart 23 07 25 00 27 35 222

കളി മഴ കൊണ്ടു പോയി, ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി

ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയിൽ. മഴ കാരണം അഞ്ചാം ദിവസം കളി നടക്കാതെ ആയതോടെയാണ് കളി ഉപേക്ഷിക്കാൻ തീരുമാനം ആയത്. അവസാന രണ്ട് ദിവസമായി മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇന്നും രാവിലെ മുതൽ മഴ വില്ലനായി എത്തി. വെസ്റ്റിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 76-2 എന്ന നിലയിൽ തന്നെ തുടരവെ കളി സമനില ആയി പ്രഖ്യാപിക്കുക ആയിരുന്നു‌‌. ആദ്യ ടെസ്റ്റ് വിജയിച്ചതിനാൽ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി.

ഇന്ത്യ ഇന്നലെ അവരുടെ രണ്ടാം ഇന്നിങ്സ് 181-2 എന്ന നികയിൽ ഡിക്ലയർ ചെയ്തിരുന്നു. 365 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യ വെസ്റ്റിൻഡീസിന് മുന്നിൽ വെച്ചത്. കളി നടന്നിരുന്നു എങ്കിൽ ഇന്ത്യക്ക് വിജയ സാധ്യതകൾ ഉണ്ടായിരുന്നു.

രണ്ടാം ഇന്നിങ്സിൽ രോഹിതിന്റെയും ഇഷൻ കിഷന്റെയും അർധ സെഞ്ച്വറികൾ ആണ് ഇന്ത്യക്ക് കരുത്തായത്. രോഹിത് 44 പന്തിൽ നിന്ന് 57 റൺസ് എടുത്തു. ഇഷൻ കിഷൻ 34 പന്തിൽ നിന്ന് 52 റൺസുമായി പുറത്താകാതെ നിന്നു. ഇഷൻ കിഷന്റെ ആദ്യ ടെസ്റ്റ് അർധ സെഞ്ച്വറിയാണിത്.

ഇന്നലെ സിറാജിന്റെ 5 വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ വെസ്റ്റിൻഡീസിനെ 255 റൺസിനാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ പുറത്താക്കിയത്. ഇന്ത്യ നേരത്തെ ആദ്യ ഇന്നിംഗ്സിൽ 438 റൺസ് നേടിയിരുന്നു.

Exit mobile version